Breaking News

‘തന്ത്രി വെറും ദിവസവേതനക്കാരന്‍, ക്ഷേത്രം അടക്കാനും തുറക്കാനുമുള്ള അവകാശമില്ല’; തന്ത്രിയുടെ അപ്രമാദിത്വം ചോദ്യം ചെയ്ത് മുന്‍ ദേവസ്വം പ്രസിഡന്റ്

ശബരിമല തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെറും ദിവസവേതനക്കാരന്‍ മാത്രമാണെന്ന് രേഖകളടക്കം വെളിപ്പെടുത്തി മുന്‍ ദേവസ്വം പ്രസിഡന്റ് അഡ്വ. രാജഗോപാല്‍ നായര്‍. ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന്റെ 1400 രൂപ ദിവസവേതനത്തിന് തൊഴില്‍ എടുക്കുന്ന വ്യക്തിയാണെന്നാണ് അഡ്വ. രാജഗോപാല്‍ നായര്‍ പറയുന്നത്.

മുമ്പ് 400 രൂപയായിരുന്ന ഈ വേതനം 2012ല്‍ താന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് 1400 രൂപയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രിയെന്നത് ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനാണെന്നും പൂജാ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് പരമാധികരമെന്നും ക്ഷേത്രം അടയ്ക്കുന്നതും മറ്റുമായ കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. എഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ക്ഷേത്രം അടയ്ക്കും എന്ന് പറയാന്‍ തന്ത്രിക്ക് അധികാരമില്ല. പിന്നെ ക്ഷേത്രം അടയ്ക്കാറുണ്ട് ക്ഷേത്രങ്ങളില്‍ എന്തെങ്കിലും അശുഭമായി സംഭവിച്ചാലാണ് അത്. അതിന് ഉദാഹരണമാണ് പന്തളം രാജകുടുംബത്തിലെ ആരെങ്കിലും മരിച്ചാല്‍ വലിയ കോയിക്കല്‍ ക്ഷേത്രം പൂട്ടിയിടുന്നത്. ക്ഷേത്രം അടച്ചു പൂട്ടാന്‍ തന്ത്രിക്ക് അധികാരമുണ്ടെന്ന് ഏത് ശാസ്ത്രത്തിലാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

വിഗ്രഹം ചൈതന്യത്തെ ആവാഹിച്ച് പ്രതിഷ്ഠിക്കുക പരിപാലിക്കുക എന്നതൊക്കെയാണ് തന്ത്രിയുടെ അധികാരം. മറ്റൊന്ന് തന്ത്രിക്കെതിരെ 2011 മേയ് 17ാം തിയ്യതി ദേവസ്വം ബോര്‍ഡിന്റെ മുമ്പില്‍ പന്തളം രാജകുടുംബം തന്നെ പരാതിയുമായി എത്തുകയും തന്ത്രിയുടെ തന്നെ ആവശ്യമില്ലെന്ന് എഴുതിതരികയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ദേവസ്വം ബോഡിന്റെ മാനുവലില്‍ പൂജയൊഴിച്ച് മറ്റ് കാര്യങ്ങളില്‍ ഒരു പ്യൂണിനെ പോലെ ക്ഷേത്രകാര്യങ്ങള്‍ പറഞ്ഞു ചെയിപ്പിക്കാം എന്ന് നിര്‍ദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമലയുടെ അടിസ്ഥാനപരമായ പിതൃസ്ഥാനം തന്ത്രിക്കാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ശബരിമല തന്ത്രി സര്‍ക്കാരിന്റെയോ ദേവസ്വംബോര്‍ഡിന്റെയോ കീഴുദ്യോഗസ്ഥനല്ലെന്നും ഒരു രൂപ പോലും ശമ്പളമായി കൈപ്പറ്റുന്നില്ലെന്നുമായിരുന്നു ശ്രീധരന്‍പിള്ളയുടെ വാദം.  സര്‍വീസ് റൂളും അദ്ദേഹത്തിന് ബാധകമല്ലെന്നും അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടുമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

ശബരിമലയില്‍ തങ്ങള്‍ അയ്യപ്പന്റെ പിതൃസ്ഥാനീയരാണെന്ന പന്തളം രാജകുടുംബത്തിന്റെ അവകാശവാദം തെറ്റാണെന്നും അഡ്വ. രാജഗോപാല്‍ നായര്‍ ആരോപിച്ചു. പന്തളം കൊട്ടാരത്തിന് ശബരിമലയില്‍ പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്ന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ചരിത്ര വസ്തുതകള്‍ ചൂണ്ടിക്കാട്ടി രാജഗോപാല്‍ നായര്‍ വ്യക്തമാക്കി.

ജസ്റ്റീസ് കെ.ടി തോമസിന്റെ ഔദാര്യത്തിലാണ് ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന നറുക്കെടുപ്പ് പോലം രാജകുടുംബത്തിലെ കുട്ടി നടത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. തങ്ങള്‍ അയ്യപ്പന്റെ പിതൃസ്ഥാനിയരാണ് എന്നും അവകാശങ്ങള്‍ പുനസ്ഥാപിച്ച് ലഭിക്കണമെന്നും പന്തളം രാജകുടുംബം കേസ് നല്‍കിയിരുന്നെന്നും തുടര്‍ന്ന് ജസറ്റീസ് കെ.ടി.തോമസിനെ മധ്യസ്ഥനെ നിയമിച്ചെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ദേവസ്വം ബോര്‍ഡും തന്ത്രികുടുംബവും പന്തളം രാജവംശവും ആയിട്ട് നേരിട്ടും അല്ലാതെയും 11 പ്രാവശ്യം കൂടികാഴ്ച നടത്തിയെന്നും അദ്ദേഹം പറയുന്നു അവസാനം പറഞ്ഞു തര്‍ക്കം നീട്ടരുതെന്നും അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്നവരില്‍ നിന്ന് ശാന്തിമാരെ നറുക്കിട്ടെടുക്കാന്‍ പന്തളത്ത് നിന്ന് വരുന്ന ഒരു കുട്ടി ആയിക്കൂടെ എന്ന് ജസ്റ്റീസ് കെ.ടി തോമസ് ചോദിക്കുകയും അതിന്‍ പ്രകാരമാണ് പന്തളം കൊട്ടാരത്തിന് നറുക്കെടുക്കാനുള്ള അവകാശം ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

പന്തളം രാജവംശത്തിന്റെയും ശബരിമലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചരിത്രത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. പന്തളം രാജവംശം എന്ന് പറയുന്നത് പാണ്ഡ്യരാജവംശമാണ്. ഏകദേശം 1400 ആം വര്‍ഷത്തില്‍ ആണ് അവര്‍ തിരുവിതാംകൂറില്‍ എത്തുന്നത്. അവര്‍ അവിടെ കുറച്ച് സ്ഥലം വാങ്ങുന്നു അവിടെ ഒരു കൊട്ടാരം പണിയുന്നു. അവിടെ താമസിക്കുന്നു. ആ പ്രദേശം എന്ന് പറയുന്നത് കോന്നി, മലയാലപ്പുഴ, അറക്കുളം, കക്കാട് എന്നിങ്ങനെ നീളുന്നതാണ്. ഇത് പഴയകാലത്തെ ആ പ്രദേശത്തിന്റെ പേരുകള്‍ ആണ്. അദ്ദേഹം പറഞ്ഞു.

ശബരിമല ക്ഷേത്രം മാത്രമല്ല, മറ്റ് 47 ക്ഷേത്രങ്ങള്‍ കൂടി ഈ തരത്തില്‍ അന്ന് ഏറ്റെടുത്തിരുന്നു. അങ്ങനെ 996 മീനമാസം പത്താം തീയതിയിലെ ഉത്തരവ് പ്രകാരം മേടമാസം എട്ടാം തീയതി തിരുവിതാംകൂര്‍ ദേവസ്വം ഏറ്റെടുത്തു. അതോടുകൂടി തിരുവിതാംകൂര്‍ പ്രദേശത്തിന്റെ ഭാഗമായി ഈ പ്രദേശം മുഴുവന്‍. മറ്റുള്ളവര്‍ക്ക് പൂര്‍ണ്ണമായി അവകാശം നഷ്ടപ്പെട്ടു. അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേവസ്വം ബോര്‍ഡ് ആക്ടിലെ ഒന്നാം ഷെഡ്യൂള്‍ പ്രകാരം തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് ഹാന്‍ഡ് ഓവര്‍ ചെയ്ത 1200 ക്ഷേത്രങ്ങളുടെ ലിസ്റ്റ് ഉണ്ടെന്നും അതാണ് ഇന്‍കോര്‍പ്പറേറ്റ് ആന്‍ഡ് അണ്‍ ഇന്‍കോര്‍പ്പറേറ്റ് ലിസ്റ്റ്. അതില്‍ പെടുന്നതാണ് ശബരിമല ക്ഷേത്രവും. അത് ഹാന്‍ഡ് ഓവര്‍ ചെയ്ത് ബോര്‍ഡില്‍ 1950 മന്നത്ത് പത്മനാഭന്‍ പ്രസിഡന്റായിരുന്ന കാലത്ത് ശ്രി ചിത്തിര തിരുനാള്‍ മഹാരാജാവാണ്. അതിനര്‍ത്ഥം അന്ന് മൊത്തം ക്ഷേത്രങ്ങളുടേയും അവകാശം ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന് ആയിരുന്നു’ – അദ്ദേഹം പറഞ്ഞു.

1811 കോണല്‍ മണ്‍ട്രോയുടെ ഉത്തരവ് പ്രകാരമാണ് ഈ ഉത്തരവുകള്‍ എല്ലാം ഉണ്ടാകുന്നത്. ആ ആക്റ്റില്‍ ഇന്നും നിലവില്‍ ഉള്ളതാണ് ഈ തെളിവുക്ള്‍ എല്ലാം. ഇതില്‍ കൂടതല്‍ എന്ത് തെളിവാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അവകാശം തെളി.ിക്കാന്‍ വേണ്ടത്. ശബരിമല മേല്‍ശാന്തിയെ നിയമിക്കുന്നതില്‍ അവകാശം ചോദിച്ചുകൊണ്ട് പന്തളം കൊട്ടാരം ഫയല്‍ ചെയ്ത കേസ് ഹൈക്കോടതിയും സുപ്രീംകോടതിയും 2011 ല്‍ തള്ളിയിരുന്നു. അത് തെളിയിക്കുന്നത് എന്താണ് പന്തളം കൊട്ടാരത്തിന് ഒരു അവകാശവും ഇല്ലെന്ന് തന്നെയല്ലേ. അദ്ദേഹം ചോദിക്കുന്നു.

Comments

comments