Breaking News

‘ശബരിമല ബുദ്ധക്ഷേത്രമായിരുന്നോ?’; അവസാനിക്കാത്ത വിവാദങ്ങള്‍

ശബരിമല പണ്ടുകാലത്തെ ബുദ്ധക്ഷേത്രമായിരുന്നു എന്ന വാദത്തിന് ശക്തിയേറുന്നു. ശബരിമല തങ്ങളുടെ മലയാണെന്ന മലയരയ ഗോത്രവിഭാഗത്തിന്റെ വാദത്തിലാണ് ശബരിമല ക്ഷേത്രവും ബുദ്ധനും തമ്മിലുള്ള ബന്ധങ്ങള്‍ വീണ്ടും പരാമര്‍ശിക്കുന്നത്. മലയരയ മഹാസഭയുടെ നേതാവും ചരിത്ര ഗവേഷകനുമായ പി.കെ സജീവിന്റെ പ്രസ്താവനയില്‍ ശബരിമല ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് ബുദ്ധമതവും പരാമര്‍ശിക്കപ്പെടുന്നു.

ആ ഭാഗം ഇപ്രകാരമാണ്:

“1100ന്റെ ആദ്യദശകത്തിലാണ് അയ്യപ്പന്‍ ജനിക്കുന്നത്. ഗോത്രവിഭാഗമായ മലയരയര്‍ ചോളന്‍മാരാല്‍ ആക്രമിക്കപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു അത്. മക്കളില്ലാത്ത കണ്ടന്‍, കറുത്തമ്മ എന്നീ മലയരയ ദമ്പതികള്‍ തങ്ങളുടെ പുരോഹിതനായ കോര്‍മനെ കണ്ടു. 41 ദിവസം ഇരുവരും വ്രതം നോക്കണമെന്നും അതിന് ശേഷം ഇരുവര്‍ക്കും പോരാളിയായ ഒരു പുത്രന്‍ ജനിക്കുമെന്നും കോര്‍മന്‍ പറഞ്ഞു. കോര്‍മന്റെ പ്രവചനപ്രകാരം പൊന്നമ്പലമേട്ടിലെ ഒരു ഗുഹയില്‍ കണ്ടന്റേയും കറുത്തമ്മയുടേയും മകനായി അയ്യപ്പന്‍ ജനിച്ചു. കണ്ടന്റെ മകനായതുകൊണ്ടാണ് ചെറിയ കണ്ടന്‍ എന്നര്‍ത്ഥമുള്ള ‘മണികണ്ടന്‍’ എന്ന പേരുവന്നത്. (മണികണ്ഠന്‍ അല്ല). പിന്നീട് ചീരപ്പന്‍ചിറ എന്ന ഈഴവകുടുംബത്തില്‍ നിന്ന് അയ്യപ്പന്‍ അയോധനകല അഭ്യസിച്ചു. ഇതിനിടെ തന്നോട് പ്രണയം വെളിപ്പെടുത്തിയ പെണ്‍കുട്ടിയോട് തന്റെ ലക്ഷ്യം ഗോത്രത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണെന്ന് പറഞ്ഞ് അയ്യപ്പന്‍ ഒഴിഞ്ഞു. അയ്യപ്പന് കീഴില്‍ അണി നിരന്ന മലയരഗോത്രവര്‍ഗം ചോള അധിനിവേശം ശക്തമായി പ്രതിരോധിച്ചു. മലയരയരുടെ അനേകം ഇരട്ടി വരുന്ന ചോളസൈന്യത്തെ അയ്യപ്പന്‍ യുദ്ധതന്ത്രം കൊണ്ട് തുരത്തി. ശേഷം അദ്ദേഹം യോഗനിദ്രയിലാഴുകയും അവിടെ നേരത്തെയുണ്ടായിരുന്ന ബുദ്ധ പ്രതിഷ്ഠയില്‍ വിലയം പ്രാപിക്കുകയും ചെയ്തു. മലയരയ ഗോത്രം അയ്യപ്പനെ ആരാധിച്ചു. 41 ദിവസം വ്രതമെടുക്കുന്ന മലയരയര്‍ കാട്ടില്‍ പോയി ചെറുതേന്‍ ശേഖരിച്ച് വൃശ്ചികം ഒന്നിന് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുകയും മകരസംക്രാന്തി ദിനത്തില്‍ ആരതി ഉഴിയുകയും മറ്റ് ആചാരങ്ങള്‍ നടത്തുകയും ചെയ്തുപോന്നു.”

ശബരിമലയിലേത് ബുദ്ധക്ഷേത്രമായിരുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ബുദ്ധക്ഷേത്രമായിരുന്നു എന്ന് വാദിക്കുന്നവര്‍ മുന്നോട്ട് വക്കുന്ന കാര്യങ്ങള്‍ ഇതെല്ലാമാണ്:

1. ശാസ്താവ് എന്ന പേര് ബുദ്ധന്റെ പര്യായമാണ്. ശാസ്താവ് എന്ന പദത്തിന് ഗൗതമബുദ്ധന്‍, ബുദ്ധമതാചാര്യന്‍ എന്നെല്ലാം അര്‍ത്ഥമുണ്ട്.

2. ശരണം വിളി ‘ബുദ്ധം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി, ധര്‍മ്മ ശരണം ഗച്ഛാമി’ എന്ന ശരണത്രയത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. സ്വാമിയേ ശരണമയ്യപ്പാ എന്നിത്യാദിയാണല്ലോ ശരണം വിളി. ശിവം ശരണം, വിഷ്ണുശരണം എന്നിത്യാദി വിളികളില്ലല്ലോ.

3. ബുദ്ധവിഗ്രഹവും ശാസ്താവിഗ്രഹവും തമ്മില്‍ സാമ്യമുണ്ട്.

4. ബ്രഹ്മചാരികളും അഹിംസാവ്രതക്കാരുമാണ് ബുദ്ധഭിക്ഷുക്കള്‍, ശബരിമലക്കു വ്രതമെടുക്കുന്നവര്‍ ബ്രഹ്മചര്യവും അഹിംസയും പാലിക്കുന്നു.

5. ഉത്തരേന്ത്യയില്‍ നിന്നും ബുദ്ധമതം നാടിന്റെ നാനാഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചപ്പോള്‍ അതിന്റെ അലകള്‍ കേരളത്തിലുമുണ്ടായിട്ടുണ്ട്. കേരളത്തില്‍ ബുദ്ധമതം പ്രചരിച്ചിരുന്നവെന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് കേരളത്തിലങ്ങോളമിങ്ങോളം കാണുന്ന ബുദ്ധക്ഷേത്രങ്ങള്‍. ശബരിമലയും ബുദ്ധക്ഷേത്രമായിരുന്നിരിക്കണം.

6. ബുദ്ധമതത്തിന്റെ അധഃപതനത്തെക്കുറിച്ച് ശ്രീ ഇളംകുളം പറയുന്നത് ശ്രദ്ധേയമാണ്. 
“ഒരു വലിയസംഘം ബ്രാഹ്മണര്‍ തുളുനാടുവഴി കേരളത്തില്‍ പ്രവേശിച്ച് അവരുടെ ആശയസംഹിതകളും ഭരണരീതികളും നടപ്പാക്കുന്നുണ്ട്. അക്കാലത്ത് ബുദ്ധമതക്കാരെ നാമാവശേഷമാക്കി ചാതുര്‍വണ്യം സ്ഥാപിക്കാനുള്ള ജീവന്മരണയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഹിന്ദുക്കള്‍ ഇന്ത്യയിലെങ്ങും. 6-ാം ശതകത്തിന്റെ അന്ത്യത്തില്‍ത്തന്നെ ചാതുര്‍വര്‍ണ്യത്തിനു കീഴടങ്ങാത്ത നേതാക്കന്മാരുടെ പല്ലു പിടുങ്ങി എടുക്കാനും ബുദ്ധന്റേയും മറ്റും പ്രതിമകള്‍ നശിപ്പിക്കാനും തുടങ്ങിക്കഴിഞ്ഞതായി അക്കാലത്തെ തമിഴ് കൃതികളില്‍ നിന്ന് മനസ്സിലാക്കാം. 8-ാം ശതകത്തില്‍ ആയിരിക്കണം ബുദ്ധമതക്കാരെ മിക്കവാറും നശിപ്പിക്കാന്‍ കഴിഞ്ഞത്. അംഗഭംഗം വന്ന പ്രതിമകള്‍ ലഭിച്ചിട്ടുള്ളതെല്ലാം 7-ഉം 8-ഉം നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ചവയാണ്. 8-ാം ശതകത്തിന്റെ ആരംഭത്തില്‍ ദണ്ഡി എഴുതിയ ദശകുമാരചരിതത്തില്‍ വേശ്യകളുടെ ദൂതിമാരായി കല്‍പിച്ചിട്ടുള്ളത് ബൗദ്ധഭിക്ഷുണികളെയാണ്. ശ്മശാനത്തിലെ തുണികള്‍ കൊടുത്താല്‍ സ്ത്രീകളെ വഞ്ചിക്കാന്‍ മിടുക്കുള്ള ബൗദ്ധസന്യാസിനിമാരെ ആര്‍ക്കും കാമദൂതികളായി കിട്ടുമെന്നും, വേശ്യാലമ്പടന്മാരെല്ലാം ജീവിത സായാഹ്നത്തില്‍ ബൗദ്ധഭിക്ഷുക്കളാകുമെന്നും കൂടി പറയുന്നു. ബുദ്ധമതക്കാരെ ആക്ഷേപിക്കാന്‍ വേണ്ടി ബോധായനനും മഹേന്ദ്രവര്‍മ്മനും കൂടി രചിച്ച ഭഗവഭജൂകം, മത്തവിലാസം എന്നീ പ്രഹസനങ്ങള്‍ക്ക് കേരളത്തിലെപ്പോലെ മറ്റെങ്ങും പ്രചാരം സിദ്ധിച്ചില്ല. (അമ്പലവാസികളുടെയും നമ്പൂതിരിമാരുടെയും ഇടയില്‍ മാത്രമായിരുന്നു ഇവയ്ക്കു പ്രചാരം) ഇങ്ങനെ പലതും ആലോചിക്കുമ്പോള്‍ ബുദ്ധവിഹാരങ്ങള്‍ നശിപ്പിക്കുക, ബുദ്ധഭിക്ഷുക്കളെ കഴുവേറ്റുക, ഭിക്ഷുണികളെ വേശ്യകളാക്കുക, ബുദ്ധമതക്കാരായ സാധാരണ ജനങ്ങളെ അടിമകളാക്കുക തുടങ്ങി പലതും 8-ാം ശതകത്തില്‍ നടന്നിരുന്നുവെന്നൂഹിക്കണം.”
– കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍ (ഇളംകുളം കുഞ്ഞന്‍പിള്ള).

ചുരുക്കത്തില്‍ കേരളത്തില്‍ ബുദ്ധമതത്തിന്റെ അധഃപതനം സംഭവിച്ച എ ഡി 8-ാം ശതകത്തിലോ മറ്റൊ ശബരിമല ഉണ്ടായിരുന്ന ബുദ്ധക്ഷേത്രം ശാസ്താക്ഷേത്രമായി മാറ്റപ്പെട്ടിരിക്കാം എന്നര്‍ത്ഥം.

Comments

comments