Breaking News

‘ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി നമ്മളെ കണ്ടാലറിയാതായി’; ആ ഗാനം ഇപ്പോഴുമുണ്ട്!

46 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശുദാസ് ആലപിച്ച ആ ഗാനം ഇന്നും പ്രസക്തമാണ്. ആ ഗാനത്തിലെ ഓരോ വരികളും ഇന്നത്തെ കാലഘട്ടത്തിലും ചര്‍ച്ചയാകേണ്ടതാണ്. ശബരിമലയിലെ യുവതീ പ്രവേശവിധിയുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്ന സമയത്ത് 1972 ല്‍ പുറത്തിറങ്ങിയ ‘അച്ഛനും ബാപ്പയും’ എന്ന സിനിമയിലെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പ്രസക്തി ചെറുതല്ല. വയലാര്‍ രാമവര്‍മ്മയുടെ ജീവനുള്ള വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജി. ദേവരാജന്‍ മാസ്റ്ററാണ്. യേശുദാസാണ് പ്രശസ്തമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിലെ ഓരോ വരികളും മതത്തിന്റെ അതിര്‍വരമ്പുകള്‍ എത്രമാത്രം മനുഷ്യരെ തമ്മില്‍ വേര്‍തിരിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു…എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളാണ് ചുവടെ:

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു മനസ്സു പങ്കു വച്ചു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

ഹിന്ദുവായി മുസല്‍മാനായി
ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ലോകം ഭ്രാന്താലയമായി
ഹിന്ദുവായി മുസല്‍മാനായി
ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ലോകം ഭ്രാന്താലയമായി
ആയിരമായിരം മാനവ ഹൃദയങ്ങൾ
ആയുധ പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു മനസ്സു പങ്കു വച്ചു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

സത്യമെവിടെ സൗന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്ത ബന്ധങ്ങളെവിടെ
നിത്യ സ്നേഹങ്ങളെവിടെ
സത്യമെവിടെ സൗന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്ത ബന്ധങ്ങളെവിടെ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിൽ
ഒരിക്കൽ
വരാറുള്ളൊരവതാരങ്ങ – ളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു
മതങ്ങൾ ചിരിക്കുന്നു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വച്ചു മനസ്സു പങ്കു വച്ചു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

Comments

comments