Breaking News

ശബരിമലയിലെ യുവതീപ്രവേശനം; കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. ആര്‍എസ്എസിനൊപ്പം ചേര്‍ന്നുള്ള രാഷ്ട്രീയ നിലപാട് തെറ്റായി പോയി എന്ന അഭിപ്രായമാണ് ഇപ്പോള്‍ ഉയരുന്നത്. സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത വി.ടി ബല്‍റാം എംഎല്‍എയുടെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതും ഈ സാഹചര്യത്തിലാണ്.

ശബരിമല വിഷയത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും തുറന്നുകാണിക്കുക എന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കുന്നു എന്ന് പറഞ്ഞ ബല്‍റാം പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നത പരസ്യമായി ഈ ഫേസ്ബുക്ക് പോസ്റ്റിലൂട പ്രകടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ പാര്‍ട്ടിയുടെ ചരിത്രം ഓര്‍മ്മിക്കണമെന്നാണ് വി.ടി ബല്‍റാമിന്റെ താക്കീത്. പഴയ നാട്ടുരാജാക്കന്മാരുടെ സകല കവനന്റുകളും ചവറ്റുകുട്ടയിലെറിഞ്ഞ് പ്രിവി പേഴ്‌സ് നിര്‍ത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് എന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ ഓര്‍ക്കണമെന്ന് വി.ടി പറഞ്ഞു. രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ് പാര്‍ട്ടിയുടെ നേതാവ് എന്ന് ഓര്‍ക്കണമെന്നും വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രാഹുല്‍ ഈശ്വറിന്റെ ഒരു രോമത്തില്‍ തൊടാന്‍ ഈ സര്‍ക്കാറിന് കഴിയില്ല എന്ന് പറഞ്ഞത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ശബരിമല വിഷയത്തിലുള്ള അഭിപ്രായ ഭിന്നത മൂലം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. രാമന്‍ നായര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയതും കേരളത്തിലെ കോണ്‍ഗ്രസിന് തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ പറവൂര്‍ എംഎല്‍എ വി.ഡി സതീശന്‍ ഒരു സ്വകാര്യ മാധ്യമസ്ഥാപനം അഭിമുഖത്തിനായി ബന്ധപ്പെട്ടപ്പോള്‍ ശബരിമല യുവതീപ്രവേശന വിധിയെ കുറിച്ച് തന്നോട് ചോദിക്കരുതെന്ന് പറഞ്ഞതും തനിക്ക് അതില്‍ അഭിപ്രായങ്ങളൊന്നും പറയാനില്ലെന്ന് പറഞ്ഞതും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു.

Comments

comments