Breaking News

‘എരിതീയില്‍ എണ്ണയൊഴിക്കുന്നവര്‍’; തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ മാത്രം നല്‍കി ജനം ടിവി

റേറ്റിംഗ് വര്‍ധിക്കാന്‍ ആടിനെ പട്ടിയാക്കും വിധമുള്ള മാധ്യമപ്രവര്‍ത്തനമാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ജനം ടിവി തുടര്‍ച്ചയായി നല്‍കികൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് രൂക്ഷമാക്കുകയാണ് പല അടിസ്ഥാന രഹിതമായ വാര്‍ത്തകളിലൂടെയും ഇക്കൂട്ടര്‍ ചെയ്യുന്നത്. സംസ്ഥാനത്തെ കലാപ കലുഷിതമായ സാഹചര്യത്തെ പരമാവധി മൊതലെടുക്കുകയാണ് അവര്‍. കഴിഞ്ഞ ദിവസം ജനം ടിവി ബ്രേക്കിംഗ് ആയി നല്‍കിയ ഒരു വാര്‍ത്ത പച്ചകള്ളമാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

സിപിഐ എം നേതാവും മരുമകളും മലകയറാന്‍ എത്തുന്നുവെന്നാണ് പുതിയ നുണപ്രചണം. ആലുവ സ്വദേശിയും മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന ശശികല റഹീമിനെയും ഇളയ മകന്റെ ഭാര്യയായ സുമേഖാ തോമസിനെയും പേരടക്കം പരാമര്‍ശിച്ചു കൊണ്ടായിരുന്നു കരുതിക്കൂട്ടി വ്യാജവാര്‍ത്ത പടച്ചുവിട്ടത്.

സുമേഖ തോമസും മൂന്നു പേരും മലകയറാന്‍ പോകുകയാണെന്നും അവരെ സ്വീകരിക്കാന്‍ ശശികല റഹീം പുറപ്പെട്ടു കഴിഞ്ഞുവെന്നും ഇവര്‍ക്കെല്ലാം സിപിഐ എമ്മിന്റെ പിന്തുണ ഉണ്ടെന്നുമെല്ലാം ‘ജനം ടിവി’ വാര്‍ത്ത നല്‍കി. ഇതോടെ സംഘപരിവാര്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പൂകളിലാകെ ഇവര്‍ക്കെതിരെ കൊലവിളിയും അസഭ്യവര്‍ഷവും നിറഞ്ഞു. സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചും മറ്റ് ഗ്രൂപ്പുകളില്‍ ലോഗോ മറച്ചുവെച്ചുമാണ് പ്രചരണം.

എന്നാല്‍ സത്യാവസ്ഥ അറിയാന്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടപ്പോഴാണ് ശശികല റഹീം സംഭവമറിയുന്നത്. നട്ടെല്ലിന് തേയ്‌മാനം ആയിട്ട് 2 വര്‍ഷമായി ചികിത്സയില്‍ ഇരിക്കുന്ന ആളാണ് ശശികല റഹീം. പരസഹായമില്ലാതെ പുറത്തു പോകാന്‍ പോലും കഴിയാത്ത ആളെക്കുറിച്ചാണ് സംഘപരിവാര്‍ ചാനലും വര്‍ഗീയവാദികളും നുണപ്രചരണം അഴിച്ചുവിട്ടത്. ഇതോടെ ശശികല റഹീം ഫേസ്‌‌‌ബുക്ക് ലൈവില്‍ വന്ന് കാര്യങ്ങള്‍ വ്യക്തമാക്കി. വാര്‍ത്ത പുറത്തു വന്നതോടെ മരുമകള്‍ സുമേഖ തോമസിനെ വിളിച്ച് കാര്യമന്വേഷിച്ചപ്പോള്‍ അവരും ഇങ്ങനൊരു സംഭവം അറിഞ്ഞിട്ടില്ലെന്ന് ശശികല റഹീം പറഞ്ഞു.

‘ആരോഗ്യ പ്രശ്‌‌‌‌നങ്ങള്‍ മൂലം പാര്‍ടി ചുമതലകളില്‍ നിന്നടക്കം ഒഴിവായിരിക്കുകയാണ് താന്‍. പരസഹായമില്ലാതെ വീടിന്റെ പടി പോലും ഇറങ്ങാന്‍ പറ്റില്ല. താനൊരു വിശ്വാസിയല്ല. ഒരിക്കലും ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന ആളുമല്ല. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തതെന്ന് അറിയില്ല.’ – ശശികല റഹീം വ്യക്തമാക്കി.

എന്നിട്ടും വാര്‍ത്ത പിന്‍വലിക്കാനോ നുണപ്രചരണം അവസാനിപ്പിക്കാനോ സംഘപരിവാര്‍ തയ്യാറായിട്ടില്ല.

ഇതുപോലെ മറ്റൊരു വ്യാജപ്രചരണവും ജനം ടിവി കഴിഞ്ഞ ദിവസം നടത്തി. വീടുകള്‍ തോറും കയറിയിറങ്ങി ശബരിമലയില്‍ പോകാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കുമെന്ന് സിപിഎമ്മുകാര്‍ പറയുന്നു എന്നായിരുന്നു ആ വാര്‍ത്ത. അതും പച്ചകള്ളമായിരുന്നു. സുപ്രീം കോടതി വിധിയെ കുറിച്ച് ഉദ്‌ബോധിപ്പിക്കാന്‍ ലഘുലേഖകള്‍ വിതരണം ചെയ്തു എന്നല്ലാതെ പാര്‍ട്ടി മുന്‍കൈ എടുത്ത് ഒരു സ്ത്രീയെ പോലും ശബരിമലയിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തിയിട്ടില്ല. പാര്‍ട്ടിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിന് സമാനമായ തെളിവ് ഹാജരാക്കുകയാണ് മിനിമം ഒരു നട്ടെല്ലുള്ള മാധ്യമം ചെയ്യേണ്ടിയിരുന്നത്. അതിനും ജനം ടിവിക്ക് കഴിഞ്ഞില്ല. ശബരിമലയിലേക്ക് പോകാന്‍ പാര്‍ട്ടി സരക്ഷണം നല്‍കുമെന്ന് പറഞ്ഞ് സിപിഎമ്മുകാര്‍ തങ്ങളെ സമീപിച്ചതായി ഒരു സ്ത്രീയും പരാതിപ്പെട്ടിട്ടുമില്ല. എന്നിട്ടും ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ജനം ടിവി നെറികെട്ട മാധ്യമപ്രവര്‍ത്തനമാണ് നടത്തിയത്.

മാത്രമല്ല, തുലാമാസത്തെ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ മല കയറാന്‍ എത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ നാപ്കിന്‍ ഉണ്ടായിരുന്നെന്ന തരത്തില്‍ വ്യാജവാര്‍ത്ത നല്‍കിയതും ഇതേ ജനം തന്നെയായിരുന്നു. പിന്നീട്, ഇരുമുടിക്കെട്ട് പരിശോധിച്ച പോലീസ് ഈ ആരോപണം തള്ളി കളഞ്ഞിരുന്നു. ഇരുമുടിക്കെട്ടില്‍ സാധാരണ മുറയ്ക്ക് ആവശ്യമുള്ള സാധനങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും നാപ്കിന്‍ ഉണ്ടെന്ന വാര്‍ത്ത പച്ചകള്ളമാണെന്നും പിന്നീട് വ്യക്തമായി. എന്നാല്‍, ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ജനം ടിവി ഒരിക്കല്‍ പോലും ആ വ്യാജ വാര്‍ത്തകളെ കുറിച്ച് ഖേദം രേഖപ്പെടുത്തിയില്ല. അവരുടെ ലക്ഷ്യം ജനങ്ങളെ തമ്മില്‍ തല്ലിക്കുകയാണ്. എന്നിട്ട് സത്യത്തിനൊപ്പം…ജനങ്ങള്‍ക്കൊപ്പം…എന്ന വീരവാദവും. ജനം ടിവിയുടെ കള്ളത്തരങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ അവരിലൂടെ ഒരു ജനത മുഴുവന്‍ തമ്മിലടിക്കപ്പെടും. വ്യാജവാര്‍ത്തകളുടെ അപ്പസ്‌തോലന്‍മാരെ തിരിച്ചറിയുക..സമൂഹത്തില്‍ ഒറ്റപ്പെടുത്തുക.

Comments

comments