Breaking News

ഒരിടത്ത് ആര്‍ത്തവ സമരം നടക്കുമ്പോള്‍ മറ്റൊരിടത്ത് കാര്‍ത്ത്യായനിയമ്മ ലാപ്‌ടോപില്‍ സ്വന്തം പേര് ഇംഗ്ലീഷില്‍ എഴുതി!

കാലാകാലങ്ങളായുള്ള ആചാരങ്ങളെ സംരക്ഷിക്കാന്‍ ആര്‍ത്തവ സമരക്കാര്‍ തെരുവില്‍ ഇറങ്ങി സമരം ചെയ്യുന്ന പ്രബുദ്ധ കേരളത്തെ നോക്കി കാര്‍ത്ത്യായനിയമ്മയെ പോലുള്ളവര്‍ ചെയ്യുന്നതാണ് മരണ മാസ് പ്രവൃത്തികള്‍. സംസ്ഥാന സര്‍ക്കാറിന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ 96 കാരിയായ കാര്‍ത്ത്യായനിയമ്മയുടെ മുഖം നമ്മളൊന്നും മറന്നുകാണില്ല. കാര്‍ത്ത്യായനിയമ്മയെ ആദരിക്കുന്ന ചടങ്ങില്‍ ക്യാമറ കണ്ണുകളെ മുഴുവന്‍ സാക്ഷി നിര്‍ത്തി പുള്ളിക്കാരി പറഞ്ഞ ആഗ്രഹം ഓര്‍മ്മയുണ്ടോ? “എനിക്ക് പത്താം ക്ലാസ് പഠിക്കണം, ജയിക്കണം, പിന്നെ കംപൂട്ടറും പഠിക്കണം”. അന്ന് നമ്മളൊക്കെ കുറേ ചിരിച്ചെങ്കിലും ഇന്ന് കാര്‍ത്ത്യായനിയമ്മ ത്രില്ലില്ലാണ്. കംപൂട്ടറ് കൈയില്‍ കിട്ടിയ ത്രില്ലില്‍!.

നാലാം ക്ലാസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം ലഭിച്ച കാര്‍ത്ത്യായനിയമ്മ എന്ന് 96 കാരിയായ വിദ്യാര്‍ത്ഥിനിയെ കാണാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നേരിട്ടെത്തി. പ്രായം തളര്‍ത്താത്ത പഠിതാവിന് ഒരു സമ്മാനവും കൊണ്ടാണ് മന്ത്രി എത്തിയത്. കാര്‍ത്ത്യായനിയമ്മ ആഗ്രഹിച്ചതുപോലെ ഒരു കപൂട്ടര്‍!. വിദ്യാഭ്യാസമന്ത്രി നല്‍കിയ പുത്തന്‍ ലാപ്‌ടോപ് കാര്‍ത്ത്യായനിയമ്മ തിരിച്ചും മറിച്ചുമൊക്കെ നോക്കി. ഒടുവില്‍ ആ ലാപ്‌ടോപില്‍ തന്റെ പേര് ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് കാണിക്കുകയും ചെയ്തു കാര്‍ത്ത്യായനിയമ്മ. അടുത്ത വർഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും മന്ത്രിയോട് കാർത്ത്യായനി അമ്മ പങ്കുവച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ, എസ്ഐഇടി ഡയറക്ടർ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

പെണ്ണ് രണ്ടാം തരം പഠിച്ചാല്‍ മതിയെന്ന പണ്ട് കാലത്തെ ആചാരവും മാമൂലും തെറ്റിച്ച് തനിക്ക് നഷ്ടമായ സ്വാതന്ത്ര്യത്തെ നേടിയെടുക്കാന്‍ കാര്‍ത്ത്യായനിയമ്മയെ പോലുള്ളവര്‍ മുന്നോട്ട് വരുന്ന അതേ പ്രബുദ്ധ കേരളത്തിലാണ് കുലസ്ത്രീകള്‍ ആര്‍ത്ത സമരവുമായി പൊതുനിരത്തുകളില്‍ ആചാരങ്ങളുടെ കപട പരിശുദ്ധിയെ കുറിച്ച് ഗീര്‍വാണം മുഴക്കുന്നത്.

Comments

comments