Breaking News

‘ശബരിമലയില്‍ പോലീസ് തന്നെയായിരുന്നു ശരി!’; കെ.ജെ ജേക്കബ് എഴുതുന്നു

ചിത്തിര – ആട്ട വിശേഷത്തിന്റെ ഭാഗമായുള്ള ആചാരങ്ങള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചിരിക്കുന്നു. ചോദ്യങ്ങള്‍ നിരവധിയാണ്. സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കിയോ? പോലീസ് ശബരിമലയില്‍ എന്ത് ചെയ്യുകയായിരുന്നു? ആര്‍എസ്എസ് നേതാക്കള്‍ക്കാണോ കേരളത്തിന്റെ ആഭ്യന്തര ചുമതല? ചിലര്‍ കാര്യങ്ങളെ കുറച്ച് വ്യക്തതയുള്ളവരാണ്. അവര്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടില്ല. കാരണം, ശബരിമലയില്‍ പോലീസ് കാണിച്ച സംയമനമാണ് കാര്യങ്ങള്‍ അതിരുവിടാതെ കാത്തത്. പ്രതിഷേധക്കാര്‍ക്ക് അപ്പപ്പോള്‍ മറുപടി നല്‍കിയിരുന്നെങ്കില്‍ ശബരിമല ഒരു കുരുതിക്കളമാകുമായിരുന്നു. അതാണ് പ്രതിഷേധക്കാരുടെ ആവശ്യവും. സംഘപരിവാര്‍ അവരുടെ അജണ്ട സെറ്റ് ചെയ്യുകയായിരുന്നു ശബരിമലയില്‍. അതില്‍ ചെന്ന് വീഴാതിരുന്ന കേരളാ പോലീസിന് ബിഗ് സല്യൂട്ട്. അവര്‍ പ്രകോപിതരായെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമായിരുന്നു. കാരണം, അവര്‍ക്ക് അജണ്ട നടപ്പിലാക്കാന്‍ ഇനി ആവശ്യം ഒരു ബലിദാനിയെയാണ്. ചിത്തിര – ആട്ട വിശേഷങ്ങളുടെ ഭാഗമായി ശബരിമലയില്‍ കേരളാ പോലീസ് സ്വീകരിച്ച നിലപാടിനെ കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ് എഴുതുന്നു:

ചിത്തിര ആട്ടവിശേഷത്തിന്റെ രൂപത്തിൽ അയ്യപ്പനായി കൊണ്ടുകൊടുത്ത ട്രയൽ റൺ ഗംഭീര വിജയമാക്കിയ സംസ്‌ഥാന സർക്കാരിനും പോലീസിനും എന്റെ അഭിനന്ദനങ്ങൾ.

ഒരു സെക്കുലർ സർക്കാരിന് എന്താണ് ശബരിമല എന്ന ആരാധനാലയത്തിൽ കാര്യം? ഒരു കാര്യവുമില്ല. പൊതുവിലുള്ള നിയമസമാധാന പാലനം ഉറപ്പാക്കണം. അത് പോലീസ് ചെയ്തിട്ടുണ്ട്. പിടിച്ചുപറിയോ കൊലപാതകമോ കത്തിക്കുത്തോ മോഷണമോ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒരു ക്ഷേത്ര സന്നിധാനത്തിനു ചേരാത്ത വിധത്തിൽ ലാത്തിചാർജോ വെടിവയ്പ്പോ എന്തിനു പോലീസ് ബലപ്രയോഗമോ ഉണ്ടായില്ല.

പിന്നെ എന്താണ് ഉണ്ടായത്? എന്താണ് നാട്ടുകാർ കണ്ടത്?

ഒന്ന്: ആചാര സംരക്ഷണത്തിന് ബിജെപി-ആർഎസ്എസ് ശബരിമലയിലേക്കയച്ച നേതാവാരാണെന്നു നാട്ടുകാർ കണ്ടു. അദ്ദേഹം എങ്ങിനെയാണ് പതിനെട്ടാം പടിയിലൂടെ ആരോ പറഞ്ഞതുപോലെ “എലവേറ്ററിൽ നടക്കുന്നതുപോലെ നടന്നു” ആചാരം സംരക്ഷിക്കുന്നത് എന്ന് കണ്ടു. അയാളുടെ ഗുണഗണങ്ങൾ കണ്ടു. ( പോരെങ്കിൽ അയാളുടെ പേരിൽ കൊലക്കേസടക്കം എത്ര കേസുകൾ ഉണ്ടെന്നു ആളുകൾ കണ്ടുപിടിച്ചു തുടങ്ങിയത് കണ്ടു.)

രണ്ട്: ആയിരത്തോളം അയ്യപ്പന്മാർ സാധാരണ വരാറുള്ള ആട്ടവിശേഷത്തിനു കൂടുതലായി വന്നവർ ആരാണെന്നു കണ്ടു. അവരെ ആരാണ് നിയന്ത്രിക്കുന്നത് എന്ന് കണ്ടു. ആര് പറഞ്ഞാലാണ് അവരടങ്ങുക എന്ന് കണ്ടു.

മൂന്ന്: ഒരു ഭക്തയെ ‘ഭക്തന്മാർ’ എങ്ങിനെയാണ് നേരിടുക എന്ന് കണ്ടു. എവിടാണ് പോലീസ്, അവരെന്തെടുക്കുന്നു എന്ന് ചിലരെങ്കിലും ചോദിക്കുന്നത് കണ്ടു.

നാല്: സംസ്‌ഥാന സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണം എന്ന് നുണ പറഞ്ഞു ആളുകളെ വഴിയിറക്കിയ, പോലീസ് നരനായാട്ടിൽ അയ്യപ്പൻ കൊല്ലപ്പെട്ടു എന്ന് നുണ പറഞ്ഞു കലാപത്തിന് ആഹ്വാനം നൽകിയ, ശബരിമല അക്രമം സ്വന്തം അജണ്ടയാണെന്നു തുറന്നു പറഞ്ഞ, തന്ത്രിയെക്കൂട്ടി വീണ്ടും നുണ പറഞ്ഞ പിള്ള സാറിന്റെ സൗമ്യ മുഖം ഒരിക്കൽക്കൂടി കണ്ടു.

അഞ്ച്: ഒരു ബലിദാനിയെക്കിട്ടാനായിട്ടുള്ള പരക്കം പാച്ചിൽ കണ്ടു. അത് കിട്ടാത്തതിലുള്ള പരാക്രമം കണ്ടു. പോലീസ് ‘അതിക്രമ’ത്തിന്റെ ഫോട്ടോ ഷൂട്ട് കണ്ടു; അതിന്റെ ആളെ പോലീസ് പിടികൂടുന്നത് കണ്ടു.

ആറ്: ഇതൊക്കെ നടക്കുമ്പോഴും ഭക്തന്മാരുടെ വികാരത്തിനൊപ്പം നിൽക്കുന്നവരുടെ അമ്പരപ്പിക്കുന്ന മൗനം കണ്ടു.

ഇതിൽക്കൂടുതൽ സർക്കാരിനുവേണ്ടി അയ്യപ്പനായിട്ടു ഒന്നും ചെയ്തുകൊടുക്കാനില്ല.

അല്ലാതെ അങ്ങോട്ടേക്ക് സ്ത്രീകളെ കൊണ്ടുപോകലോ, ആർഎസ്എസ് ആഗ്രഹിക്കുന്ന വിധത്തിൽ ഒരു ബലിദാനിയെ സൃഷ്ടിക്കലോ സർക്കാരിന്റെ പണിയല്ല. ഒരു ബലിദാനിക്കു അവരെത്ര ആഗ്രഹിക്കുന്നുണ്ട് എന്നാലോചിക്കു. കോഴിക്കോട്ടു ഒരു അയ്യപ്പൻ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചപ്പോൾ അത് സർക്കാരിന്റെ തലയിലിട്ടു. ശിവദാസന്റെ മരണം സർക്കാരിന്റെയും പോലീസിന്റെയും തലയിലിട്ടു. അപ്പോൾപ്പിന്നെ സർക്കാരും പോലീസും എന്തിനധികം പോകണം? മുഖ്യമന്ത്രിയാണെങ്കിൽ ഇന്നലെക്കൂടി പറഞ്ഞിട്ടുണ്ട്; കോടതി മറിച്ചൊരു വിധി പറഞ്ഞാൽ അതും നടപ്പാക്കുമെന്ന്.

*
സർക്കാർ ശബരിമലയിൽ ഇത്രയൊക്കെ ചെയ്‌താൽ മതി. എല്ലാവരും ആദ്യം അംഗീകരിച്ച ഒരു കോടതിവിധി നടപ്പാക്കും എന്ന് പറഞ്ഞു, അതിന്റെ പിറകിലെ ആശയത്തെ സ്വാഗതം ചെയ്തു; അതുമുന്നോട്ടു കൊണ്ടുപോകേണ്ട ആവശ്യത്തെപ്പറ്റി നാട്ടുകാരോടു പറഞ്ഞു; അതിനായി പ്രചാരണം നടത്തുന്നു.

എന്നുവച്ചാൽ ഇടതു പക്ഷത്തെ സംബന്ധിച്ച് ഇതൊരു ആശയപ്രചരണം മാത്രമേ ആകേണ്ടതുള്ളൂ: സ്ത്രീ-പുരുഷ സമത്വം എന്ന വളരെ അടിസ്‌ഥാനപരമായ ആശയം. നവോത്‌ഥാനത്തിന്റെ അടുത്ത ഘട്ടം. ആ ആശയം മാത്രമാണ് സർക്കാർ, ഇടതുമുന്നണിയും പ്രചരിപ്പിക്കേണ്ടത്. അതെത്രത്തോളം ആവശ്യമാണ് എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തേണ്ടത്.

ഇത് വരെ സർക്കാർ അതുതന്നെയാണ് ചെയ്തത്. വലിയ പോലീസ് സന്നാഹം ഒരുക്കി ഒരു യുവതിയെയെങ്കിലും കയറ്റിയെ അടങ്ങൂ എന്ന പിണറായി വിജയൻറെ വാശിയാണ് ഇവിടെവരെ കൊണ്ടെത്തിച്ചത് എന്ന പ്രചാരണത്തിന് ഇനി നിലനിൽപ്പില്ല. ഒരു യുവതിയെയും സർക്കാർ കൊണ്ടുപോയില്ല; ഒരു പ്രകോപനവും ഉണ്ടാക്കിയില്ല. പോലീസുകാരികളെപ്പോലും അമ്പതു കഴിഞ്ഞവരെയാണ് അങ്ങോട്ട് നിയോഗിച്ചത്. സർക്കാരിന്റെ ഉദ്ദേശശുദ്ധി ഇക്കാര്യത്തിൽ വ്യക്തമാണ്. ആട്ടവിശേഷം കഴിഞ്ഞു കണക്കെടുക്കുമ്പോൾ ആരുടെയൊക്കെ അജണ്ട എന്തൊക്കെയാണ് എന്ന കാര്യത്തിൽ ഏകദേശം ഒരു തീരുമാനമായിട്ടുണ്ട്.

എന്നുവച്ചാൽ, പോലീസിന്റെ ലാത്തിപ്പിടി കൊണ്ടോ തോക്കിൻകുഴലിലൂടെയോ അല്ല നവോത്‌ഥാനം പണ്ട് സംഭവിച്ചത്; ഇനി സംഭവിക്കേണ്ടതും. മറിച്ച് അതിന്റെ ആവശ്യം മനുഷ്യർക്ക് ബോധ്യപ്പെടുന്ന വിധത്തിലുള്ള പ്രചാരണത്തിലേക്കാണ് ഇടതുപക്ഷം ഇനി നീങ്ങേണ്ടത്.

‘നവോത്‌ഥാനം’ ഒരു സംജ്ഞയായി മാത്രം പരിചയമുള്ള ഒന്നുരണ്ടു തലമുറകൾ ഇവിടെയുണ്ട്. ഭരണഘടന എന്നത് ഏതോ ഒരു കൈപ്പുസ്തകമായി മാത്രം അറിയാവുന്നവർ ഇവിടെയുണ്ട്; ആ ‘പണ്ടാരം’ കത്തിച്ചു കളയുന്ന കാലം വരുമെന്ന് പറയുമ്പോൾ കൈയടിക്കുന്നവരിൽ ജന്മിയുടെ ചവിട്ടടിയിൽ ചേറിൽ മുക്കിക്കൊല്ലപ്പെട്ടവരുടെ പിൻതലമുറകളുണ്ട്. രാജാവും പുരോഹിതനും അവരുടെ മുറജപങ്ങളും ചേർന്ന് ഹോമിച്ച ജീവിതങ്ങളിൽനിന്നും ഉയിർകൊണ്ടിവിടെയവശേഷിച്ച പതിനായിരക്കണക്കിന് മനുഷ്യരുണ്ട്. സംബന്ധങ്ങളുടെയും അസംബന്ധങ്ങളുടെയും വിചിത്രനീതികളിൽ ശ്വാസംമുട്ടിമരിച്ചവരുടെ പിന്മുറക്കാർ എത്രവേണമെങ്കിലുമുണ്ട്.

അവരോടാണ്, അവരോടു മാത്രമാണ്, അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്തിമാരിൽ അഞ്ചാമനായ പിണറായി വിജയനും അദ്ദേഹത്തിൻറെ പ്രസ്‌ഥാനവും മുന്നണിയും സംവദിക്കാൻ ശ്രമിക്കേണ്ടത്, അല്ലാതെ കുലസ്ത്രീകളോടും ഫക്-തൻമാരോടുമല്ല. ആ പണി തില്ലങ്കേരിമാർക്കു വിട്ടുകൊടുക്കുക. അവരായി, അവരുടെ പാടായി.

പിന്നെ,

പ്രളയം കൊണ്ട് ജീവിതം വഴിമുട്ടിനിൽക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ ഈ നാട്ടിലുണ്ട്. അവർക്കു സർക്കാരല്ലാതെ മറ്റൊരാശ്രയമില്ലെന്നറിയണം. ആർത്തവചക്രമല്ല അവരുടെ പ്രശ്നം, ജീവിതം മുൻപോട്ടു കൊണ്ടുപോകാനുള്ള അവരുടെ ശ്രമങ്ങളിൽ ഒരു കൈത്താങ്ങാണ്.

ഈശ്വര കടാക്ഷമല്ല, സർക്കാർ നടപടി ആഗ്രഹിച്ചിരിയ്ക്കുന്ന മനുഷ്യരുണ്ട്. അവർക്കു നവോത്ഥാനത്തിന്റെ അടുത്ത അധ്യായം ഇറങ്ങുന്നതുവരെ കാത്തിരിക്കാനാവില്ല.

Comments

comments