Breaking News

ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തു

കോഴിക്കോട് യുവമോര്‍ച്ചാ വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നതായി പറഞ്ഞ ശ്രീധരന്‍ പിള്ള തന്ത്രിയെയും പ്രവര്‍ത്തകരെയും കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പിള്ളയ്‌ക്കെതിരായ പരാതിയില്‍ പറയുന്നുണ്ട്.

യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പിള്ള വിവാദ പ്രസംഗം നടത്തിയിരുന്നത്. ശബരിമല ബി.ജെ.പിക്ക് ഒരു സുവര്‍ണാവസരമാണെന്നും നമ്മള്‍ വെച്ച കെണിയില്‍ ഓരോരുത്തരായി വീണെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ശബരിമല സമരത്തില്‍ രാഷ്ട്രീയലക്ഷ്യം ഉണ്ടാകുന്നതില്‍ തെറ്റില്ലെന്ന് ശ്രീധരന്‍ പിള്ള ന്യായീകരിച്ചിരുന്നു. ജനസേവനമാണു പാര്‍ട്ടിയുടെ ലക്ഷ്യം. അതിനുള്ള സുവര്‍ണാവസരമായാണ് ഇതിനെ കാണുന്നത്. ബി.ജെ.പി അധ്യക്ഷനായല്ല, അഭിഭാഷകനായാണ് തന്ത്രിയോട് സംസാരിച്ചതെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടിരുന്നു.

 

Comments

comments