Breaking News

‘നവോത്ഥാന നായകരുടെ ചിത്രവും പതിച്ച് ബിജെപിയുടെ രഥയാത്ര’; ശ്രീധരന്‍പിള്ള തോറ്റു! പിണറായി ജയിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ ശബരിമല ആചാര സംരക്ഷണ രഥയാത്ര വലിയ കോമഡിയായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചര്‍ച്ചയായ ശ്രീധരന്‍പിള്ളയുടെ ശബ്ദം ഇപ്പോഴും ഓര്‍മ്മയില്ലേ? “നമ്മള്‍ ഒരു അജണ്ട മുന്നോട്ട് വച്ചു, ആ അജണ്ടയില്‍ ഓരോരുത്തരായി വീണു…”ഇന്നിപ്പോള്‍ ബിജെപിയുടെ രഥയാത്ര കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് പിണറായി വിജയന്റെ അജണ്ടയാണ്. ‘നവോത്ഥാന കേരളത്തെ പിന്നോട്ട് നടത്തിക്കാന്‍ അനുവദിക്കില്ല’ എന്ന ഇടതുപക്ഷത്തിന്റെ അജണ്ട. ആ അജണ്ടയില്‍ വീണുപോയത് ബിജെപിയാണ്, പി.എസ് ശ്രീധരന്‍പിള്ളയാണ്. അതിന് കാരണമാണ് ഇനി പറയാന്‍ പോകുന്നത്:

ശ്രീനാരായണ ഗുരു, അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍, അയ്യാ വൈകുണ്ഡ സ്വാമി, പണ്ഡിറ്റ് കറുപ്പന്‍, ചട്ടമ്പി സ്വാമി എന്നിവരെ ആചാരസംരക്ഷണ യാത്രയില്‍ ശ്രീധരന്‍ പിള്ള തന്റെ രഥത്തില്‍ പിടിച്ചിരുത്തിയിട്ടുണ്ട്. മേല്‍പ്പറഞ്ഞവരുടെ ചരിത്രവും പിള്ളയുടെ ആചാര സംരക്ഷണ യാത്രയുടെ ലക്ഷ്യവും അറിയുന്നവര്‍ക്ക് തമാശ മനസിലായി കാണുമല്ലോ!

ശബരിമലയിലെ ബ്രാഹ്മണ്യാധികാരം ഉറപ്പിക്കാന്‍ നടത്തുന്ന യാത്രയില്‍ കേരളത്തിന്റെ നവോഥാന നായകരെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള മനസില്‍ കാണുന്നതെന്തായാലും മറ്റുള്ളവര്‍ അതിനെ കാണുന്നത് തമാശായിട്ടു തന്നെയാണ്. ഒന്നുകില്‍ പിള്ള ഈ സാഹസം കാണിച്ചത്, ശ്രീനാരയാണനെയും അയ്യന്‍കാളിയേയും ഒന്നും അറിയാത്തതുകൊണ്ടായിരിക്കും, അതല്ലെങ്കില്‍ ഇവരെയൊക്കെ കൂട്ടിപിടിച്ചാല്‍ തങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ കേരളത്തിലെ സകലമാന ഹിന്ദുക്കളും ബിജെപിക്ക് ഒപ്പം പോരുമെന്ന വിശ്വാസം കൊണ്ടായിരിക്കാം.

ശബരിമലയിലെ യുവതീ പ്രവേശന വിലക്ക് ആചാരമല്ല, ദുരാചാരമാണെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഒരു ഭയവുമില്ലാതെ പൊതുവേദിയില്‍ നിന്ന് പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞ പേരുകളാണ് മേല്‍ പറഞ്ഞ നവോത്ഥാന നായകരുടെതെല്ലാം. പി.എസ് ശ്രീധരന്‍പിള്ള പറയാത്തതും ആ പേരുകള്‍ തന്നെ. ആചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും പുല്ലുവില കല്‍പ്പിച്ച നവോത്ഥാന നായകരാണ് ഇവരെല്ലാം. അങ്ങനെയുള്ളവര്‍ ബിജെപിയുടെ ആചാര സംരക്ഷണ രഥയാത്രയില്‍ കടന്നുകൂടിയത് യാദൃച്ഛികം തന്നെ. ഇതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകനായ ഹര്‍ഷന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ചുവടെ. ഇത് വായിച്ചാല്‍ ബിജെപിയുടെ രഥയാത്രയിലൂടെ പി.എസ് ശ്രീധരന്‍പിള്ള തോറ്റുതൊപ്പിയിട്ടിരിക്കുകയാണെന്ന് നമുക്ക് വ്യക്തമാകും.

ഹര്‍ഷന്‍ പൂപ്പാറക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘നമ്മളുണ്ടാക്കിയ അജണ്ടയിൽ എല്ലാരും വീണു’ എന്നാരുന്നു ശ്രീധരൻ പിള്ളയുടെ തള്ള്‌.

എന്നിട്ടിപ്പോ നമ്മള് കാണുന്നതെന്നതാ..?!!

പിള്ളേടെ രഥയാത്രയിൽ കംപ്ലീറ്റ് നവോത്ഥാന നായകരുടെ പടങ്ങൾ.!

ഈ ശബരിമല വിഷയത്തിലെ ബി ജെ പി നിലപാടിൽ നവോത്ഥാനത്തിന് എന്തുകാര്യം?!
അത് പോട്ടെ… ഈ വിഷയം ചർച്ചയായി ഈ നിമിഷം വരെ അവരാരെങ്കിലും ‘നവോത്ഥാനം’ എന്നൊരു വാക്ക് മിണ്ടിയാരുന്നോ ?! ഇല്ല …ഇല്ല…ഇല്ലേയില്ല.
അതുപറഞ്ഞത് പിണറായി വിജയനാണ്.

പിണറായി വിജയൻ പരാമർശിച്ച സകല നവോത്ഥാന നായകരുടെയും ചിത്രം ദേണ്ടെ ബി ജെ പീടെ ജാഥയിൽ. എന്ന് വെച്ചാലെന്നതാ..?
പിണറായി കൊണ്ടുവന്ന നവോത്ഥാന അജണ്ടയിൽ ബിജെപി വീണെന്നുതന്നെ.!

ദുരാചാര സംരക്ഷണത്തിന് നെയ്ത്തേങ്ങകൊണ്ട് തലമണ്ടയ്ക്കേറും ഉടുതുണിപൊക്കലും ജാതിപ്പുലയാട്ടുമായി സമരം നടത്തിവന്നവർ നവോത്ഥാന അജണ്ടയിൽ വീണത് കേരളത്തിന് നല്ലതാണ്.

ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും പൊയ്കയിലപ്പച്ചനും അയ്യാവൈകുണ്ഠരും പണ്ഡിറ്റ് കറുപ്പനും ചട്ടമ്പിസ്വാമിയുമൊക്കെ ഓർമിക്കപ്പെട്ടാൽ പതിനെട്ടാംപടിയിൽ ഡപ്പാംകൂത്ത് നടത്തുന്നവർ തൂറ്റിപ്പോകത്തേയൊള്ളു.

പടം മാത്രം പോരാ.. അവരുടെ നവോത്ഥാനസന്ദേശങ്ങൾകൂടി രഥത്തിൽ വേണാരുന്നു.
സാരമില്ല… പോട്ടെ… അതൊക്കെയെഴുതണമെങ്കിൽ അവരൊക്കെ ആരാണെന്നും അവർ പറഞ്ഞത് എന്താണെന്നും പഠിയ്ക്കണം.അതൊക്കെ മെനക്കേടല്ലേ,പടം മതി.
‘അത് ഞമ്മടെയാ’ ലൈനിൽ പിടിച്ചാമതി.

‘വെറുതെ പ്രസംഗിച്ച് നടന്നോ’ എന്ന് മുഖ്യമന്ത്രിയെ പരിഹസിയ്ക്കാൻ തൽക്കാലം വയ്യ.പ്രസംഗംതന്നെയാണ് ചിലകാലത്ത് ശരിയായ പ്രവർത്തി.

വെൽഡൺ മിഷ്ടർ വിജയൻ!

Comments

comments