Breaking News

മുഖ്യമന്ത്രീ, നിങ്ങള്‍ ശരിയായിരിക്കാം; പക്ഷേ, നിങ്ങള്‍ക്കൊരു തെറ്റുപറ്റിയിട്ടുണ്ട്!

ശബരിമല വിഷയത്തില്‍ ഏറ്റവും കരുത്തോടെ, വ്യക്തതയോടെ സംസാരിച്ച വ്യക്തി ആരാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് തന്നെയാണ് ഉത്തരം. സ്ത്രീയും പുരുഷനും ഒന്നാണ്, ഒരു വോട്ടും കിട്ടിയില്ലെങ്കിലും നിലപാടില്‍ മാറ്റമില്ല, കേരളത്തിന്റെ നവോത്ഥാന പ്രയാണം, നിങ്ങള്‍ മതങ്ങളിലേക്ക് ചുരുങ്ങുമ്പോള്‍ ഞങ്ങള്‍ മനുഷ്യരിലേക്ക് പടരും, സ്ത്രീയെ അശുദ്ധയായി കാണാന്‍ സമ്മതിക്കില്ല…തുടങ്ങി നിലപാടുകളില്‍ കാര്‍ക്കശ്യത്തോടെയാണ് നിങ്ങള്‍ എപ്പോഴും സംസാരിച്ചത്. ശബരിമല വിഷയത്തില്‍ നിങ്ങളുടെ നിലപാടുകള്‍ കേള്‍ക്കാന്‍ തന്നെ വല്ലാത്തൊരു രോമാഞ്ചമുണ്ടായിരുന്നു. എന്നാല്‍, സ്ത്രീകള്‍ക്ക് വേണ്ടി ശക്തിയുക്തം പ്രസംഗിച്ച നിങ്ങള്‍ക്ക് വലിയൊരു തെറ്റുപറ്റിയിട്ടുണ്ട്! ആ തെറ്റ് നിങ്ങളുടെ കണ്‍മുന്‍പില്‍ തന്നെയുണ്ട്. ആ തെറ്റ് തിരുത്തപ്പെടാത്തിടത്തോളം സ്ത്രീകള്‍ക്ക് വേണ്ടി നിങ്ങള്‍ പ്രസംഗിക്കുന്നതിനെ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കുക സാധ്യമല്ല.

സ്വന്തം പാര്‍ട്ടിയിലെ അംഗത്തിനെതിരെ, ഒരു നിയമസഭാ സമാജികനെതിരെ നിങ്ങളുടെ തന്നെയായ സംഘടനയിലെ ഒരു വനിതാ നേതാവ് പരാതി നല്‍കിയിട്ട് എത്ര നാളുകളായി? ലൈംഗിക ആരോപണമാണ് എംഎല്‍എയായ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ചത്. എന്നിട്ട് എന്തുണ്ടായി? ശബരിമലയിലെ യുവതീ പ്രവേശനത്തിന് വേണ്ടി കാര്‍ക്കശ്യമുള്ള നിലപാട് സ്വീകരിച്ച പിണറായി വിജയനെന്ന കേരളത്തിന്റെ മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഒരു പെണ്‍കുട്ടിയുടെ പരാതിക്ക് നേരെ ഇനിയും കണ്ണ് തുറക്കാത്തത്? പാര്‍ട്ടി ഒരു കമ്മീഷനെ വച്ചു. ആ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്താണ്? പി.കെ ശശി തെറ്റുക്കാരനാണോ? ആണെങ്കില്‍ എന്ത് നടപടി സ്വീകരിച്ചു? നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞ് ഇരയായ പെണ്‍കുട്ടി എന്തിനാണ് വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്? ചോദ്യങ്ങള്‍ നിരവധിയാണ്. മേല്‍പ്പറഞ്ഞ കാര്യങ്ങളെ ചൂണ്ടിക്കാട്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ.ജെ ജേക്കബ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ചുവടെ നല്‍കിയിരിക്കുന്നത്.

അതിലൊരു പ്രശ്നമുണ്ട്, ശ്രീ പിണറായി വിജയൻ.

ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട കോടതി വിധിയെ കേരളീയ നവോത്‌ഥാനത്തിന്റെ നാൾവഴിയിലേക്കു നീക്കിനിർത്തിയ രാഷ്ട്രീയ നേതാവാണ് താങ്കൾ. അങ്ങിനെ ചെയ്ത ആദ്യത്തെ വലിയ രാഷ്ട്രീയനേതാക്കളിൽ ഒരാൾ. ഒരുവേള ആ ഗണത്തിൽപ്പെട്ട ഒരേയൊരാൾ.

ഒപ്പം അതൊരോർമ്മപ്പെടുത്തലും കൂടെയായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിലെവിടെയോവെച്ചനാഥമാക്കപ്പെട്ട നവോത്ഥാനയാത്രയെ വീണ്ടെടുക്കാൻ, പകുതിയോളം മനുഷ്യരെ തുല്യരായിക്കാണാൻ നമുക്കൊരു കോടതിവിധിയുടെ ഇടപെടൽ വേണ്ടിവന്നു എന്ന ഒരധ്യാപകന്റെ ഓർമ്മപ്പെടുത്തൽ.

അവർ മതങ്ങളിലേക്ക്‌ ചുരുങ്ങുമ്പോൾ, നമുക്ക് മനുഷ്യരിലേക്ക്‌ പടരേണ്ടതുണ്ട് എന്ന കമ്യൂണിസ്റ്റിന്റെ ഓർമ്മപ്പെടുത്തൽ.

ഹിരണ്യഗർഭൻമാരായ രാജാക്കന്മാരും മുറജപികളായ പുരോഹിതന്മാരും അവരുടെ വിചിത്രാചാരങ്ങളും വേട്ടയാടിയ മനുഷ്യർക്കുവേണ്ടി കലാപം നടത്തിയ പ്രസ്‌ഥാനം ചവിട്ടിനടന്ന കനൽവഴികളിലൊപ്പംനടന്നൊരാൾക്ക് അതൊരു സ്വാഭാവിക നിലപാടായിരുന്നു.

താങ്കളിപ്പോൾ വീണ്ടും ഒരു യുദ്ധമുഖത്താണ്. നമ്മുടെ നാടും.

പൗരൻ എന്ന നിലയിൽ, ഒറ്റ മനുഷ്യൻ എന്ന നിലയിൽ മാനിക്കപ്പെടാൻ തനിക്കർഹതയുണ്ട് എന്ന് വിചാരിക്കുന്നവരെല്ലാം താങ്കൾക്കൊപ്പമുണ്ട് എന്നാണ് എന്റെ ബോധ്യം. ആ ബോധ്യത്തിനു ആധികാരികതയും നിയമപരമായ പ്രാബല്യവും നൽകുന്ന ഭരണഘടനയെന്ന ‘പണ്ടാരം’ കത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ മറുവശത്തും.

ഈ യുദ്ധത്തിൽ നിങ്ങൾ, നമ്മൾ, ഈ നാട്, ജയിക്കേണ്ടതുണ്ട്. നവോത്ഥാനം പകുതിയ്ക്കുവച്ചു നിർത്തിപ്പോയ ലിംഗനീതി എന്ന ലക്ഷ്യത്തിൽ നമ്മളെത്തേണ്ടതുണ്ട്. ആ യാത്രയിൽ സാധ്യമായത്ര മനുഷ്യർ ചേരേണ്ടതുണ്ട്. ഈ യാത്രയുടെ ഓരോ ചുവടും അതിന്റെ ലക്ഷ്യത്തെ സാധൂരിക്കേണ്ടതുണ്ട്. ഓരോ പടയാളിയും അതിന്റെ ധാർമ്മികത ഉൾക്കൊള്ളേണ്ടതുണ്ട്. ലക്‌ഷ്യം പോലെ പ്രധാനമായി യാത്രയുടെ ഓരോ ചുവടും കരുതേണ്ടതുണ്ട്.

അതുകൊണ്ട്,

താങ്കളുടെ പാർട്ടിയുടെ ഒരു നിയമസഭാ സാമാജികനെതിരെ താങ്കളുടെ പാർട്ടിക്കാരിയായ ഒരു പെൺകുട്ടി നൽകിയ ഒരു പരാതി താങ്കളുടെ പാർട്ടിയുടെ മുൻപിലുണ്ട്. അതിൽ ആ പെൺകുട്ടിയ്ക്ക് ബോധ്യമാകുന്ന ഒരു പരിഹാരം കണ്ടുപിടിക്കാൻ താങ്കൾക്കുത്തരവാദിത്തമുണ്ട് എന്ന് ഞാൻ കരുതുന്നു.

ആ കുട്ടിക്കു ബോധ്യമാവാത്ത ലിംഗനീതിയെക്കുറിച്ചാണ് താങ്കൾ പറയുന്നതെങ്കിൽ, 
അതുകൂടി പെടാത്ത നവോത്ഥാനമാണ് താങ്കൾ ലക്‌ഷ്യം വയ്ക്കുന്നതെങ്കിൽ,

ആ ഒറ്റ മനുഷ്യനു നീതിവാങ്ങിക്കൊടുക്കാൻ പറ്റുന്നില്ലെങ്കിൽ,

അതിലെനിക്കൊരു പ്രശ്നമുണ്ട്.

Comments

comments