Breaking News

‘അയ്യപ്പവിശ്വാസികളെ പിടിക്കണം!’; ശബരിമല ആയുധമാക്കി ദക്ഷിണേന്ത്യ പിടിച്ചെടുക്കാന്‍ അമിത് ഷായുടെ നിര്‍ദേശം

ദക്ഷിണേന്ത്യയിൽ ഇടമുറപ്പിക്കാൻ ശബരിമലയെ ആയുധമാക്കാൻ ആർഎസ്എസ്സിന് താൽപര്യമുണ്ടെന്ന് റിപ്പോർട്ട്. നിലവിൽ സംഘപരിവാറിന് കാര്യമായി വേരോട്ടം കിട്ടിയിട്ടില്ലാത്ത കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ജനപിന്തുണ നേടാൻ ശബരിമല പ്രശ്നം ഉപയോഗിക്കാൻ കഴിയുമെന്നാണ് ആർഎസ്എസ്സിന്റെ കണക്കുകൂട്ടൽ. മംഗലാപുരത്ത് നടന്ന ദക്ഷിണേന്ത്യൻ ബൈഠേക്കിലെ പ്രധാന വിഷയം ശബരിമലയായിരുന്നുവെന്ന് തങ്ങളുടെ സോഴ്സുകളെ ഉദ്ധരിച്ച് ‘ന്യൂസ്18’ റിപ്പോർട്ട് ചെയ്യുന്നു.

ബുധനാഴ്ച ബിജെപി ദേശീയാധ്യക്ഷനും ബൈഠേക്കിൽ പങ്കെടുത്തിരുന്നു. ഇദ്ദേഹവും ശബരിമല വിഷയം ചർച്ചകളിൽ നിറയ്ക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചത്. അർധരാത്രിയോളം നീണ്ടു നിന്ന ചർച്ചകളിൽ ശബരിമല വിഷയത്തിനായിരുന്നു മുൻതൂക്കമെന്നും അറിയുന്നു. ‘ദി ഹിന്ദു’വും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാവോയിസ്റ്റ് പ്രശ്നം, മതപരിവർത്തന പ്രശ്നം, രാമക്ഷേത്ര പ്രശ്നം എന്നിവയെല്ലാം ചർച്ചയിൽ വന്നുവെങ്കിലും പ്രധാന അജണ്ട ശബരിമലയായിരുന്നു.

മംഗലാപുരത്തെ ആർഎസ്എസ് ആസ്ഥാനമായ ‘സംഘനികേതനി’ൽ വെച്ച് ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയുമായി അമിത് ഷാ മൂന്നു മണിക്കൂറോളം ചർച്ച നടത്തിയെന്നാണ് വിവരം. ഈ യോഗത്തിൽ ദേശീയ ഓർഗനൈസിങ് സെക്രട്ടറി രാംലാൽ, ജോയിന്റ് ഓർഗതനൈസിങ് സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരും ഈ യോഗത്തിൽ സന്നിഹിതരായിരുന്നു. 12.30 വരെ ഇവരുടെ കൂടിക്കാഴ്ച നീണ്ടു.

പിറ്റേദിവസം രാവിലെ സന്തോഷ് ഒഴികെയുള്ളവർ വീണ്ടും കൂടിക്കാഴ്ച നടന്നു. 45 മിനിറ്റോളം ഇത് നീണ്ടുനിന്നു. പത്തുമണിയോടെ പ്രത്യേക വിമാനത്തിൽ അമിത് ഷാ ഇൻഡോറിലേക്ക് നീങ്ങുകയും ചെയ്തു.

ശബരിമല വിഷയത്തിൽ പരമാവധി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പുതിയ തന്ത്രങ്ങൾ മെനയാൻ അമിത് ഷാ കേരളത്തിലെ നേതാക്കളോട് ആവശ്യപ്പെട്ടതായാണ് വിവരം. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽതന്നെ പരമാവധി നേട്ടമുണ്ടാക്കാൻ ഇതുവഴി സാധിക്കണമെന്നാണ് ഷായുടെ നിർദ്ദേശം. പാർട്ടി ഇപ്പോൾ ശബരിമലയിൽ നടത്തിവരുന്ന പ്രക്ഷോഭം ദീർഘസമയത്തേക്ക് സജീവമായി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ നേതാക്കൾ, സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള നടത്തിയ ആറുദിവസത്തെ ‘ശബരിമല രഥയാത്ര’യുടെ വിശദാംശങ്ങൾ അമിത് ഷായെ യോഗത്തിൽ ബോധ്യപ്പെടുത്തി.

ബൂത്ത് തലത്തിൽ അയ്യപ്പ വിശ്വാസികളെ സംഘടിപ്പിക്കാനാണ് അമിത് ഷാ കേരളത്തിലെ നേതൃത്വത്തിന് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ന്യൂസ്18 റിപ്പോർട്ടിൽ പറയുന്നു. കർണാടക, ആന്ധ്ര എന്നിവിടങ്ങളിലും സ്ത്രീപ്രവേശന പ്രശ്നം ഉപയോഗിക്കാമെന്നും അമിത് ഷാ കരുതുന്നുണ്ട്. ദക്ഷിണേന്ത്യയിലെ ഓരോ ഗ്രാമത്തിലും അരഡസൻ പേരെങ്കിലും കടുത്ത അയ്യപ്പ വിശ്വാസികളാണ്. അയ്യപ്പവിശ്വാസികളിൽ 80% പേരും സാമ്പത്തികമായും സാമൂഹികമായും താഴെത്തട്ടിലുള്ളവരാണ്. ഈ സാഹചര്യങ്ങളെല്ലാം ശഹബരിമല വിഷയത്തെ എളുപ്പത്തിൽ രാഷ്ട്രീയ നേട്ടമായി പരിവർത്തിപ്പിക്കാന്‍ സഹായകമാണെന്നാണ് അമിത് ഷായുടെ അഭിപ്രായം.

ഗുരുസ്വാമിമാരെ സ്വാധീനിക്കുകയാണ് അമിത് ഷാ നൽകിയ ഉപദേശങ്ങളിലൊന്ന്. ഇവരെ നേരിൽക്കണ്ട് കാര്യങ്ങൾ വിശദീകരിക്കണം. ഇവരിൽ ചെറുപ്രായക്കാർ‌ കുറവായിരിക്കുമെന്നതിനാൽ കാര്യങ്ങൾ ബോധിപ്പിക്കാൻ എളുപ്പമായിരിക്കും. നിലവിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിൽ പെട്ടവരും അയ്യപ്പവിശ്വാസികളായിട്ടുണ്ട്. ഇവർക്കിടയിലേക്ക് സംഘപരിവാർ ആശയഗതികൾ കടത്തിവിടാൻ ഇതിലും മികച്ചൊരു സാഹചര്യമില്ലെന്നാണ് ആർഎസ്എസ്സിന്റെ പൊതുവായ വിലയിരുത്തലെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

അഞ്ചുദിവസം നീണ്ടു നിന്ന ആർഎസ്എസ്സിന്റെ ‘അഖില ഭാരതീയ കാര്യ വിഭാഗ് പ്രചാരക് വർഗ്’ നവംബർ 15നാണ് സമാപിച്ചത്. സംഘത്തിനു വേണ്ടി ജീവിതമുഴിഞ്ഞു വെച്ച് പ്രവർത്തിക്കുന്ന 250 പ്രവർത്തകരാണ് ഇതിൽ പങ്കെടുത്തത്. കർണാടക, കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരാണിവർ.

Comments

comments