Breaking News

‘മീ ടു ഒരു ഫാഷന്‍’; മോഹന്‍ലാലിന് കണക്കിന് മറുപടി നല്‍കി രേവതി

തങ്ങള്‍ നേരിട്ട ലൈംഗിക പീഡനങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് സ്ത്രീകള്‍ രംഗത്തു വരുന്ന മീ ടു കാമ്പയിനെ നിസ്സാരവത്കരിച്ച് സംസാരിച്ച മോഹന്‍ലാലിനെ വിമര്‍ശിച്ച് രേവതി. മോഹന്‍ലാലിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു രേവതി ട്വീറ്റിലൂടെ തന്റെ വിമര്‍ശനം നടത്തിയത്. മീ ടു ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം. അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിന്റെ ഈ പരാമര്‍ശത്തിനുള്ള മറുപടിയായിരുന്നു രേവതിയുടെ ട്വീറ്റ്. ‘മീ ടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് ഒരു പ്രമുഖ അഭിനേതാവ് പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്നു എത്തിയവര്‍ക്ക് ദുരുപയോഗം ചെയ്യപ്പെട്ടെന്നു പറയുന്നതിന്റെ അര്‍ത്ഥം മനസിലാകണമെന്നില്ല, എന്തുകൊണ്ടാണ് അത് തുറന്നു പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്നു പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല.’ നടി രേവതി ട്വിറ്ററില്‍ കുറിച്ചു.

മീ ടൂ മൂവ്‌മെന്റിനെ കുറിച്ചുള്ള നടൻ മോഹൻലാലിന്റെ അഭിപ്രായ പ്രകടനം നിരുത്തരവാദിത്തപരവും, കാപട്യം നിറഞ്ഞതുമാണെന്ന് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ സന്ധ്യ മേനോൻ നേരത്തെ വിമര്‍ശിച്ചിരുന്നു. ട്വിറ്ററിൽ ആണ് സന്ധ്യ സൂപ്പർ താരത്തിനെതിരെ അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നത്. ബോളിവുഡ് താരം ആമിർ ഖാനെ പോലെയുള്ളവർ ചില മാതൃകകൾ ഇത്തരക്കാർക്കായി സൃഷ്ട്ടിച്ചു വെച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സിനിമ ലോകത്ത് ഏറെ വിവാദമായ മീ ടൂ മൂവ്‌മെന്റിനെ കുറിച്ച് മോഹൻലാൽ കഴിഞ്ഞ ദിവസം ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. “അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങനെ പറയും, അത്തരത്തിൽ ഒരഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ല” മോഹൻലാൽ പറഞ്ഞു. തുടർന്ന് മീ ടുവിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ താരം പുരുഷന്മാർക്കും ഒരു മീ ടൂ ആവാം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ലാൽ പ്രതികരിച്ചത്.

Comments

comments