Breaking News

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനും കാശ് വേണം!; കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മനയം

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ ഞെക്കിപിഴിഞ്ഞ് കേന്ദ്രം. മഹാപ്രളയത്തില്‍ അകപ്പെട്ട ജനങ്ങളെ രക്ഷിക്കാനെത്തിയ ഹെലികോപ്റ്റര്‍ അനുവദിച്ചതിനും കേന്ദ്രം കൂലി ആവശ്യപ്പെട്ടു. സൈനിക വിമാനവും കോപ്ടറും ഉപയോഗിച്ചതിന് 33.79 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. പ്രളയകാലത്ത് നല്‍കിയ അരിയ്ക്കും മണ്ണെണ്ണയ്ക്കും പണം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ വീണ്ടും ദുരിതത്തിലാക്കുന്നത്.

പ്രളയത്തിൽ 26,718 കോടി രൂപയുടെ നാശനഷ്ടമാണ് കേരളത്തിനുണ്ടായത്. 31000 കോടി രൂപ പുനർനിർമ്മാണത്തിന് വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി 2683.18 കോടി രൂപ ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞു. ഇതിൽ നിന്ന് 1357.78 കോടി രൂപ വീടുകളുടെ നാശനഷ്ടങ്ങൾക്കായി ചിലവായി. കേന്ദ്രം 600 കോടി രൂപയാണ് ഇതുവരെ നൽകിയത്. ഇതിൽ പ്രളയ സമയത്ത് റേഷൻ ഇനങ്ങൾ നൽകിയതിനും, രക്ഷാപ്രവർത്തനത്തിന് വിമാനങ്ങൾ എത്തിയതിനുമായി 290.67 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വന്നുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിൽ പറയുന്നു .

കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള ധനസഹായം അപര്യാപ്തമാണ്. മാത്രമല്ല, കേരളത്തെ സഹായിക്കാനായി മുന്നോട്ടുവന്ന യു.എ.ഇയെ കേന്ദ്രം തടയുകയും ചെയ്തു. കേരളത്തില്‍ പ്രളയം വിതച്ച ആഘാതം നേരില്‍ കണ്ടവരാണ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് കേരളത്തെ സഹായിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെയും കേന്ദ്രം അര്‍ഹിച്ച പരിഗണന നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡമനുസരിച്ച് 5616 കോടിയും, 5000 കോടിയുടെ പ്രത്യേക പാക്കേജുമാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഫലപ്രദമായ നടപടി കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 31000 കോടിയുടെ ഭീമമായ നഷ്ടമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. എല്ലാ കണക്കുകളും പരിശോധിച്ചാല്‍ നഷ്ടം ഇതിനേക്കാള്‍ കൂടുതലാണ്. കേന്ദ്രസഹായമായി ലഭിച്ചിരിക്കുന്നത് ഇതുവരെ 600 കോടി മാത്രമാണ്. കര്‍ണാടകത്തില്‍ ഒരു ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേന്ദ്രം 540 കോടി അനുവദിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കേന്ദ്രം 2300 കോടിയാണ് നല്‍കിയത്. എന്നാല്‍, കേരളത്തോട് കേന്ദ്രം ഇത്രയും പരിഗണന കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി.

Comments

comments