Breaking News

മതേതര കേരളത്തില്‍ ‘വനിതാ മതില്‍’ ഉയരുമ്പോള്‍ എന്‍.എസ്.എസ് പുറത്ത്; പന്ത് പിണറായിയുടെ കാലിലും!

ദിപ്പോ പൊട്ടുമെന്ന് വിചാരിച്ചു നിന്ന വിഷയമായിരുന്നു കേരളത്തില്‍ ശബരിമല. എന്നാല്‍, ഉത്തരേന്ത്യയില്‍ ബിജെപി കളിക്കുന്ന കളി കേരളത്തില്‍ ചെലവാകില്ലെന്ന് പൊതുജനത്തിന് ഏറെ വൈകിയാണെങ്കിലും ബോധ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതിന്റെ ദിശാസൂചികയാണ്.

ആചാരസംരക്ഷണത്തിനായി തെരുവില്‍ ആര്‍ത്തവ സമരം നടത്തിയ പതിനായിരക്കണക്കിന് ജനങ്ങള്‍ തെരഞ്ഞെടുപ്പ് വരുമ്പോഴും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ബിജെപിയുടെ മോഹത്തിന് തിരിച്ചടിയായിരുന്നു തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം. ശബരിമല മുന്‍നിര്‍ത്തി ബിജെപി വലിയ നേട്ടം കൊയ്യുമെന്നായിരുന്നു സംഘപരിവാര്‍ അനുകൂലികള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍, 39 ഇടത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 22 ഇടത്തും ചുവന്ന കൊടി പാറി. ബിജെപി സ്വന്തമാക്കിയത് വെറും രണ്ട് സീറ്റുകള്‍ മാത്രം. ബിജെപിയുടെ കൊടി കീഴില്‍ ആചാരസംരക്ഷണത്തിന്റെ ഭാഗമായി കൂടിയവര്‍ എല്ലാം താമരയ്ക്ക് തന്നെ വോട്ട് കുത്തിയിരുന്നെങ്കില്‍ സ്ഥിതി മാറിയേനെ. എന്നാല്‍, കേരളത്തില്‍ അതുണ്ടായില്ലെന്ന് മാത്രമല്ല. പലയിടത്തും വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.

എന്തോ അത്യാപത്ത് സംഭവിക്കാന്‍ പോകുന്നു എന്ന് വിചാരിച്ചിരുന്ന മതേതര വിശ്വാസികള്‍ക്ക് ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വലിയ പ്രത്യാശയാണ് നല്‍കിയത്. മാത്രമല്ല, ‘വിധി നടപ്പിലാക്കും, കേരളത്തെ പിന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കില്ല, വോട്ട് കുറഞ്ഞാലും നിലപാടില്‍ മാറ്റമില്ല’…എന്നൊക്കെ ഉറപ്പിച്ച് പറഞ്ഞ പിണറായി വിജയനും ഇടതുപക്ഷ മുന്നണിക്കും ഈ വിധി കൂടുതല്‍ കരുത്ത് പകരുകയും ചെയ്യുന്നു. ആ കരുത്തില്‍ നിന്ന് കൂടുതല്‍ ആര്‍ജവത്തോടെ മുന്നേറാനും സംഘപരിവാറിന്റെ ഗൂഢലക്ഷ്യങ്ങളെ കൂടുതല്‍ ശക്തിയോടെ തുറന്നുകാട്ടാനും മറ്റൊരു അവസരം കൂടി മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരിക്കുകയാണ്. ഇന്ന് ചേര്‍ന്ന സാമുദായിക സംഘടനകളുമായുള്ള ചര്‍ച്ച അതിന്റെ തെളിവാണ്.

ശബരിമല വിധിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചിരിക്കുന്നതെന്ന് അറിഞ്ഞിട്ടും നൂറോളം സാമുദായിക നേതാക്കള്‍ ചര്‍ച്ചയ്ക്ക് എത്തി. അവര്‍ മുഖ്യമന്ത്രിയെ കേട്ടു. അവരെ മുഖ്യമന്ത്രിയും കേട്ടു. വിട്ടുനിന്നവരില്‍ പ്രധാനപ്പെട്ട സംഘടന എന്‍എസ്എസ് മാത്രമാണ്. എന്‍എസ്എസ് ഒരു വശത്ത് തനിച്ച് നില്‍ക്കുമ്പോള്‍ മറ്റ് സാമുദായിക സംഘടനകള്‍ ഒരുമിച്ച് നിന്ന കാഴ്ച. ഇത് എന്‍എസ്എസിനെ ഭയപ്പെടുത്തുന്നുണ്ട്.

കേവലം ശബരിമലയിലെ ഒരു ആചാരത്തില്‍ നിന്ന് കേരളത്തിലെ സ്ഥിതിഗതികള്‍ കൂടുതല്‍ ചൂടുപിടിക്കാന്‍ തുടങ്ങി. സവര്‍ണ മാടമ്പിമാരുടെ അധികാരം ചോദ്യം ചെയ്യാന്‍ തുടങ്ങി അവര്‍ണര്‍. ഇന്നും നിലനില്‍ക്കുന്ന സവര്‍ണ മേല്‍ക്കോയ്മ അടപടലം തുടച്ചുനീക്കാന്‍ കേരളത്തിന് ലഭിച്ച അവസരമാണിത്. അതുകൊണ്ടാണ് പന്ത് പിണറായിയുടെ കാലിലാണെന്ന് ആദ്യമേ പറഞ്ഞത്.

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി തെരുവില്‍ ഇറങ്ങുകയാണ് വനിതകള്‍. കേവലം സിപിഎമ്മിലെ സ്ത്രീകള്‍ മാത്രമല്ല ഈ മതില്‍ തീര്‍ക്കാന്‍ ഇറങ്ങുന്നത്. സാമുദായിക സംഘടനകള്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം ചേര്‍ന്നാണ് വനിതാ മതില്‍ ഉയര്‍ത്തുന്നത്. ഇവിടെ എന്‍എസ്എസ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. എസ്.എന്‍.ഡി.പി യോഗം അധ്യക്ഷനും കെ.പി.എം.എസ് സംസ്ഥാന അധ്യക്ഷനും പിണറായി വിജയനൊപ്പം നിലകൊള്ളാന്‍ തീരുമാനിച്ചിരിക്കുന്നു. ഇത് കൂടാതെ മറ്റ് സാമുദായിക സംഘടനകളും.

ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാകും വനിതാ മതില്‍. കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്. ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് പരിപാടി. വെള്ളാപ്പള്ളി ചെയര്‍മാനായും പുന്നല ശ്രീകുമാര്‍ കണ്‍വീനറായുമാണ് സംഘാടക സമിതി. മുഖ്യമന്ത്രി വിളിച്ച സാമുദായിക നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

സര്‍ക്കാരിന് സാമൂഹ്യ സംഘടനകളുടെ പിന്തുണയുണ്ട്. സാമൂഹ്യ സംഘടനകളുടെ യോഗത്തില്‍ എന്‍.എസ്.എസ് വരേണ്ടതായിരുന്നു. എന്‍.എസ്.എസിനോട് വിപ്രതിപത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.എന്‍.ഡി.പിയും കെ.പി.എം.എസും അടക്കമുള്ള സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ എന്‍.എസ്.എസിനെ കൂടാതെ യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും പങ്കെടുത്തിട്ടില്ല.ആകെ 190 സമുദായ സംഘടനകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്.

ഒരു സമുദായനേതാവും രാജാവും തന്ത്രിയും ചേര്‍ന്ന് കേരളത്തെ കുട്ടിച്ചോറാക്കിയെന്ന് എന്‍.എസ്.എസ് അടക്കമുള്ളവര്‍ക്കെതിരെ യോഗത്തില്‍ വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചിരുന്നു.

Comments

comments