Breaking News

സുരേന്ദ്രനെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി; കാരണം ഇതാണ്

ബിജെപിയിലെ ഗ്രൂപ്പ് വഴക്ക് പരസ്യമാകുകയാണ് ശബരിമല വിഷയത്തിലൂടെ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയാണ് അവസാനമായി ബിജെപിയിലെ ഗ്രൂപ്പ് വഴക്ക് മറനീക്കി പുറത്തുവന്നത്. എന്നാല്‍, ഇത്തവണ ആ ഗ്രൂപ്പ് വഴക്ക് കൂടുതല്‍ ചര്‍ച്ചയാകുകയാണ്. ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കാനുള്ള കാരണമാകട്ടെ ജയിലില്‍ കഴിയുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും.

സുരേന്ദ്രനെതിരെ പരാതിയുമായി സംസ്ഥാന അധ്യക്ഷനും സംഘവും നേരിട്ട് രംഗത്തെത്തിയിരിക്കുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. സുരേന്ദ്രന്‍ നിലയ്ക്കലില്‍ എത്തിയതും അറസ്റ്റ് വരിച്ചതും സ്വന്തം ഇഷ്ടത്താലാണെന്നാണ് ആരോപണം. ശ്രീധരന്‍പിള്ളയുമായി ഏറ്റവും അടുത്ത നേതാക്കള്‍ ഈ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. സുരേന്ദ്രനോട് നിലയ്ക്കലിലെത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരുന്നില്ല. സ്വന്തം ഇമേജിനുവേണ്ടി സുരേന്ദ്രന്‍ നിലയ്ക്കലിലെത്തുകയും അറസ്റ്റ് വരിക്കുകയുമായിരുന്നു. മാത്രമല്ല, സുരേന്ദ്രന്റെ അറസ്റ്റില്‍ പാര്‍ട്ടി ഇടപെട്ടില്ല എന്നും പറഞ്ഞ് സുരേന്ദ്രനുമായി ബന്ധമുള്ള വിഭാഗം പാര്‍ട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുന്നു. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ തകര്‍ക്കുന്നതാണെന്നും വിലയിരുത്തല്‍. വി.മുരളീധരന്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവന നടത്തിയത് തെറ്റ്. ശബരിമല വിഷയത്തില്‍ ഗ്രൂപ്പ് പോര് രൂക്ഷമെന്ന പ്രതീതി ഉണ്ടാക്കിയെന്നുമാണ് വിലയിരുത്തല്‍.

അതേസമയം, സുരേന്ദ്രനുവേണ്ടി സംസ്ഥാന നേതൃത്വം ഒന്നും ചെയ്തില്ല എന്ന ആക്ഷേപമാണ് മുരളീധരന്‍ വിഭാഗത്തിനുള്ളത്. നേതാക്കളുടെ തരം പോലെയുള്ള നിലപാട് മാറ്റം പാര്‍ട്ടിയെ പരിഹാസ്യമാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി അറസ്റ്റിലായിട്ടും സമരം കടുപ്പിച്ചില്ല. സമരത്തിന്റെ പോക്കില്‍ അണികള്‍ക്കിടയില്‍ തന്നെ അമര്‍ഷമുണ്ട്. അവസരം അനുകൂലമാക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്നും മുരളീധര വിഭാഗം കുറ്റപ്പെടുത്തുന്നു.
.

Comments

comments