Breaking News

‘കാര്യങ്ങള്‍ കൈവിട്ടുപോകുന്നു’; കുമ്മനത്തെ തിരിച്ചുവിളിക്കണമെന്ന് ആവശ്യം

ശബരിമല വിഷയം ബിജെപിയെയും ആര്‍എസ്എസിനെയും നിരാശയിലാഴ്ത്തുന്നു. രാഷ്ട്രീയ നേട്ടത്തിനുള്ള അവസരമായി കണ്ട് ശബരിമലയെ ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും നേതൃത്വം അമ്പേ പരാജയപ്പെട്ടു എന്ന നിലയിലാണ് ഇരു കൂട്ടരും. ബിജെപിയും ആര്‍എസ്എസും തമ്മില്‍ ശബരിമല വിഷയത്തെ ചൊല്ലി ഭിന്നതയും രൂക്ഷം. ശബരിമല വിഷയം കത്തിച്ചുനിര്‍ത്താന്‍ കഴിയാത്തതില്‍ ബിജെപി നേതൃത്വം പരാജയപ്പെട്ടു എന്ന് ആര്‍എസ്എസ് വിമര്‍ശിക്കുന്നു.

മാത്രമല്ല, ബിജെപിയുടെ വഴിയില്‍ ഇനി പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. ബിജെപി നേതാക്കളുടെ വിടുവായിത്തവും നിലപാട് മാറ്റവും തങ്ങളെ കുഴപ്പിക്കുന്നു എന്ന് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ തുറന്നുസമ്മതിക്കുന്നുണ്ട്. വിചാരിച്ച പോലെ നേട്ടം കൊയ്യാന്‍ ശബരിമലയില്‍ നിന്ന് സാധിക്കാത്തതാണ് ഈ മുറുമുറുപ്പിന് കാരണം. ഇനി ആര്‍എസ്എസും ബിജെപിയും ഒന്നിച്ച് പോകണമെങ്കില്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യം കേരളത്തില്‍ വേണമെന്നാണ് ആര്‍എസ്എസ് ഉന്നയിക്കുന്ന ആവശ്യം. ആര്‍എസ്എസ് ബിജെപി കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചതായും സൂചനയുണ്ട്. അമിത് ഷായോടേ നേരിട്ട് ഇക്കാര്യം ആവശ്യപ്പെടാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇത് സംസ്ഥാന ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്നു.

മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കുമ്മനത്തെ തിരിച്ചുവിളിച്ചില്ലെങ്കില്‍ ശബരിമല കൈവിട്ടുപോകുമെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. കുമ്മനത്തെ എത്രയും പെട്ടന്ന് തിരിച്ചെത്തിക്കാനുള്ള നീക്കം ആര്‍എസ്എസ് ശക്തമാക്കിയത് അതിനാലാണ്. എന്നാല്‍, കുമ്മനം വന്നാല്‍ അത് ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയാകും. ശ്രീധരന്‍പിള്ളയില്‍ നിന്ന് സമരത്തിന്റെ നേതൃ സ്ഥാനം കുമ്മനം ഏറ്റെടുക്കുമോ എന്ന ഭയമാണ് ശ്രീധരന്‍പിള്ള പക്ഷത്തിനുള്ളത്.

Comments

comments