Breaking News

ബാബറി മസ്ജിദ് തകര്‍ത്തിട്ട് 26 വര്‍ഷം; സ്വതന്ത്ര ഇന്ത്യയിലെ കറുത്ത ഏട്

ബാബറി മസ്ജിദ് തകര്‍ത്തതിന് ഇന്ന് 26 വയസ്. സ്വതന്ത്ര ഇന്ത്യയിലെ കറുത്ത ഏട് എന്ന് വിശേഷിപ്പിക്കുന്ന ദിനമാണ് 1992 ഡിസംബര്‍ ആറ്. മതേതര ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുമ്പോഴും 26 വര്‍ഷത്തിനിപ്പുറം അയോധ്യ ഇന്ത്യയ്ക്ക് ഉണങ്ങാത്ത മുറിവാണ്.
1992 ഡിസംബര്‍ ആറിന് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹിന്ദുക്കളും മുസ്ലീങ്ങളും ലഹളയിലേര്‍പ്പെട്ടു. രണ്ടായിരത്തോളം പേര്‍ ഈ വര്‍ഗീയ ലഹളയില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

രാജ്യത്ത് ഹിന്ദത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു ബാബറി മസ്ജിദ് എന്ന മുസ്ലീം പള്ളി ഹിന്ദത്വ വര്‍ഗീയ വാദികള്‍ തകര്‍ത്തത്. ഭൂരിപക്ഷ വര്‍ഗീയതയുടെ കരാളഹസ്തങ്ങള്‍ രാജ്യത്തെ കാര്‍ന്നുതിന്നാല്‍ തുടങ്ങിയത് അന്ന് മുതല്‍ രൂക്ഷമായി. 16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബാബറി മസ്ജിദ് മുന്‍പ് രാമക്ഷേത്രമായിരുന്നു എന്നാണ് തീവ്ര ഹൈന്ദവ സംഘടനകള്‍ വാദിക്കുന്നത്. ഒന്നര ലക്ഷത്തോളം കര്‍സേവകരാണ് ബാബറി മസ്ജിദ് തകര്‍ക്കാന്‍ അയോധ്യയില്‍ ഒന്നിച്ചുകൂടിയത്. രാജ്യത്തിന്റെ നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഭൂരിപക്ഷ വര്‍ഗീയത കളം നിറഞ്ഞപ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപത്തിനും അയോധ്യ സാക്ഷിയായി. മുതിര്‍ന്ന ബിജെപി നേതാക്കള്‍ അടക്കം 68 പേര്‍ ബാബറി മസ്ജിദ് പൊളിക്കാനായി കൂട്ടുനിന്നെന്ന് പിന്നീട് കണ്ടെത്തി.

ഹിന്ദുമത വിശ്വാസ പ്രകാരം അയോദ്ധ്യ ശ്രീരാമന്റെ ജന്മസ്ഥലമാണ്. ഇവിടെയുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് വാദിച്ച സംഘപരിവാര്‍ സംഘടനകള്‍ ഇത് പൊളിച്ച് ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. 1980ല്‍ വിഎച്ച്പിയുടെ നേതൃത്വത്തില്‍ രാമജന്മഭൂമിയെന്ന പേരില്‍ പ്രചാരണം തുടങ്ങി. ഇവരുടെ രാഷ്ട്രീയ മുഖവും മുഖംമൂടിയും ബിജെപിയായിരുന്നു. ഈ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ഭാഗമായി ബിജെപി നേതാവ് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്രകള്‍ തുടങ്ങി.

1985 ഡിസംബറില്‍  ഹിന്ദുത്വ സംഘടനാ പ്രതിനിധികള്‍ അന്നത്തെ യുപി മുഖ്യമന്ത്രി വീര്‍ ബഹദൂര്‍ സിംഗിനെ ചെന്ന് കണ്ടിരുന്നു. ബാബറി മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശം ക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുതരണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. 1986 മാര്‍ച്ച് വരെയാണ് ഇതിന് സമയം നല്‍കിയത്. ഇതിന് തയ്യാറായില്ലെങ്കില്‍ പള്ളി തകര്‍ക്കുമെന്നും പ്രതിനിധി സംഘം ഭീഷണി മുഴക്കി. 1986 ഫെബ്രുവരി 11ന് രാജീവ് ഗാന്ധി സര്‍ക്കാരിന്റെ ഇടപെടടലിനെ തുടര്‍ന്ന് തര്‍ക്കപ്രദേശത്ത് ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കിയത് വിവാദമായി. എന്നാല്‍ 92ല്‍ ബാബറി മസ്ജിദ് പൊളിക്കുന്നത് വരെ കാര്യമായ സംഘര്‍ഷങ്ങള്‍ ഉണ്ടായില്ല.

1992 ഡിസംബര്‍ ആറിന് മസ്ജിദ് പള്ളി പൊളിക്കുന്നതിന് മുന്നോടിയായി സംഭവസ്ഥലത്തേയ്ക്ക് സംഘപരിവാര്‍ സംഘടനകള്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി തുടങ്ങിയവര്‍ സംസാരിച്ചു. പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ കര്‍സേവകര്‍ പള്ളിയുടെ മുകളില്‍ കയറിപ്പറ്റി കാവിക്കൊടി നാട്ടി. അക്രമാസക്തരായ ഇത്രയും വലിയ ജനക്കൂട്ടത്തെ നേരിടാനുള്ള സംവിധാനം പൊലീസിനെ സംബന്ധിച്ച് ഇല്ലായിരുന്നു എന്നൊക്കെയാണീ വിശദീകരണങ്ങള്‍. മണിക്കൂറുകള്‍ക്കുള്ളില്‍ ബാബറി മസ്ജിദ് നിലംപൊത്തി.ബിജെപി നേതാക്കളടക്കം സംഘപരിവാറുമായി ബന്ധപ്പെട്ടവര്‍ മാസങ്ങളോളം നടത്തിയ പ്രചാരണ പരിപാടിയുടെ പര്യവസാനം. പാര്‍ലെമ്ന്റില്‍ വെറും രണ്ട് എംപിമാര്‍ മാത്രമുണ്ടായിരുന്ന ബിജെപിയുടെ പ്രാതിനിധ്യം 85 ആയി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി ബിജെപി മാറി. 26 വര്‍ഷങ്ങള്‍ക്ക് ശേഷവും ബാബറി മസ്ജിദ് ഇന്ത്യയ്ക്ക് വലിയ മുറിവായി തുടരുന്നു.

പള്ളി നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ബന്ധം പിടിക്കുകയാണ് ഇപ്പോള്‍ ഹൈന്ദവ സംഘടനകള്‍. എന്നാല്‍, ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിലും. അയോധ്യ കേസ് ഭൂമിത്തര്‍ക്ക കേസായി കണ്ട് മാത്രം വിധി പറയുമെന്നാണ് സുപ്രീം കോടതി നേരത്തെ പറഞ്ഞിട്ടുള്ളത്. ഏതാനും മാസങ്ങള്‍ക്കകം അന്തിമ വിധി വരുമെങ്കിലും 26 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ സമാന സംഭവവികാസങ്ങളിലേക്ക് രാജ്യം പോകുമോ എന്ന ഭയം എല്ലാവര്‍ക്കുമുണ്ട്.

ഒരു പൊതു തെരഞ്ഞെടുപ്പിലേക്ക് കൂടി രാജ്യം കടക്കാനിരിക്കെ ബാബരി പള്ളിയും, രാമ ജന്മ ഭൂമിയും വീണ്ടും സജീവ രാഷ്ട്രീയ വിഷയമാക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും സംഘ് പരിവാര്‍  സംഘടനകളും. അതിന്‍റെ ഭാഗമായാണ് ഈ ദിനം ശൌര്യ ദിവസായി വിഎച്ച്പിയുടെ മറ്റ് ഹിന്ദുത്വ സംഘടനകളും അതി വിപുലമായി കൊണ്ടാടുന്നത്.

Comments

comments