Breaking News

ബുലന്ദ്ഷഹര്‍ കലാപം ആസൂത്രിതം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന്റെയും സുമിത് എന്ന യുവാവിന്റെയും മരണത്തിനു വഴിവച്ചുകൊണ്ട് ബുലാന്ദ്ഷഹര്‍ കലാപത്തിന് ആഹ്വാനം കൊടുക്കുന്ന അക്രമാസക്തരായ ആള്‍ക്കൂട്ടത്തിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തു വന്നു. 500 ഓളം പേര്‍ ആക്രമിക്കൂ, ആക്രമിക്കൂ എന്ന ആഹ്വാനം നടത്തി തെരുവില്‍ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഏറ്റവും ഒടുവിലായി വന്നിരിക്കുന്നത്. പശുവിന്റെ ഇറച്ചി കണ്ടെത്തിയെന്നാരോപിച്ച് ഒരു സംഘം രംഗത്തു വന്നതിനു പിന്നാലെ ഇവരും പൊലീസും തമ്മില്‍ പ്രശ്‌നങ്ങള്‍ അരംഭിക്കുന്നതോടെയാണ് ആള്‍ക്കൂട്ടാക്രമണത്തിന് വഴിയൊരുങ്ങുന്നത്.

മൂന്ന് മിനിട്ടുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ 20 കാരനായ സുമിത് നെഞ്ചില്‍ വെടിയേല്‍ക്കുന്നതിനു മുമ്പായി കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം. വീഡിയോയുടെ രണ്ടാം പകുതിയില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ ബോധരഹിതനായി വീഴുന്നതും അക്രമികള്‍ തോക്ക് എടുക്കൂ എന്ന് വിളിച്ചു പറയുന്നതിന്റെയും ദൃശ്യങ്ങളാണ്.

പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സുമിത് അക്രമത്തില്‍ പങ്കാളിയായിരുന്നില്ലെന്നും ഒരു കാഴ്ച്ചക്കാരനായി മാറിനില്‍ക്കുകയായിരുന്നുവെന്നുമുള്ള വീട്ടുകാരുടെയും ആദ്യം പുറത്തുന്ന റിപ്പോര്‍ട്ടികളിലെയും വാദം തെറ്റാണെന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വീഡിയോയിലെ ദൃശ്യങ്ങള്‍. അക്രമികള്‍ക്കൊപ്പം നിന്നു പൊലീസിനെ ആക്രമിക്കുന്ന സുമിതിനെ വീഡിയോയില്‍ കാണാം. പീന്നീട് മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ സുമിതിനെ രണ്ടുപേര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

തോക്കുമായി നില്‍ക്കുന്ന ഒരു പൊലീസുകാരനെ ആള്‍ക്കൂട്ടം വളഞ്ഞുവയ്ക്കുന്നതും വീഡിയോ എടുക്കുന്നയാള്‍ തോക്കുകള്‍ പിടിച്ചു വാങ്ങൂ, ആക്രമിക്കൂ, ആക്രമിക്കൂ എന്നു ഒച്ചവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ ബോധരഹിതനായി താഴെ വീഴുന്നതാണ് വീഡിയോയുടെ അവസാന ദൃശ്യങ്ങള്‍.

കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ് ബോധരഹിതനായി വീണ സുബോധ് കുമാറിന്റെ അദ്ദേഹത്തിന്റെ ഡ്രൈവര്‍ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വാഹനം തടയുകയും സുബോധ് കുമറിനെ വെടിവയ്ക്കുകയുമായിരുന്നു.

Comments

comments