Breaking News

‘സി.പി.എമ്മിന്റെ നേതാക്കളായിരുന്നു ഇവരെങ്കില്‍?’; ബിബിത്ത് കോഴിക്കളത്തില്‍ എഴുതുന്നു

സി.പി.എമ്മിന്റെ നേതാക്കളായിരുന്നു ഇവരെങ്കില്‍ അവരുടെ പ്രതികരണം എങ്ങനെയാകുമായിരുന്നു എന്നു ഇത്തരുണത്തില്‍ ചിന്തിക്കുന്നത് ഉചിതമായിരിക്കും.

”എനിക്കു വേണമെങ്കില്‍ പുഴയില്‍ മുങ്ങി ഒരു ഈഴവ ശിവനെ മുങ്ങിയെടുത്ത് പ്രതിഷ്ഠിക്കാന്‍ അറിയാഞ്ഞിട്ടല്ല, ഈഴവ ശിവന്‍ പാടില്ലെന്നു വിചാരിക്കുന്ന പതിനായിരങ്ങള്‍ ഇവിടെ ഉണ്ട്”

ശ്രീനാരയാണ ഗുരു, പോളിറ്റ് ബ്യൂറോ അംഗം

‘പഞ്ചമിയെ സ്‌കൂളില്‍ കയറ്റാനും യാത്രാസൗകര്യനിഷേധത്തിനെതിരെ വില്ലുവണ്ടി യാത്ര നടത്താനും ഞങ്ങള്‍ വിചാരിച്ചാല്‍ പുല്ലുപോലെ കഴിയും. പക്ഷേ, പൊതുവഴിയിലൂടെ പുലയര്‍ യാത്ര ചെയ്യരുതെന്നും അവരെ സൃഷ്ടിച്ചിരിക്കുന്നത് കാര്‍ഷികവേല ചെയ്യാനാണെന്നുമുള്ള ആചാരത്തില്‍ വിശ്വസിക്കുന്ന അനേകായിരങ്ങളുടെ വിശ്വാസത്തിനു മേലുള്ള കടന്നു കയറ്റമായിരിക്കും അത്. ഞാന്‍ പൊതുവഴി എല്ലാവര്‍ക്കും തുറന്നു കൊടുക്കണമെന്ന അഭിപ്രായമാണ് എനിക്കും എന്റെ പാര്‍ട്ടിക്കും ഉള്ളത്’

(അയ്യങ്കാളി, സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം)

‘വിധവാ വിവാഹത്തെക്കുറിച്ചു നമ്മളിങ്ങനെ തുടര്‍ച്ചയായി ചര്‍ച്ച ചെയ്താല്‍ മാത്രം മതി. ആരുംതന്നെ അതിന് മുന്‍കൈയെടുക്കരുത്. കാരണം, അത് ഒരു സമുദായത്തിലെ ആചാരങ്ങളെ വെല്ലുവിളിക്കുന്ന ഒന്നായിമാറും. നാം എടുത്തുചാടി ഒരു തീരുമാനത്തിലെത്തരുത്. ഭാവിയില്‍ ഇതൊക്കെ സ്വാഭാവികമായും മാറുമെന്നു തീര്‍ച്ചയാണ്.’

പാര്‍വതി നെന്മിനി മംഗലം, സംസ്ഥാന കമ്മറ്റിയംഗം

‘അടുക്കളയില്‍ അടങ്ങിയിരിക്കേണ്ടവരല്ല സ്ത്രീകളെന്ന അഭിപ്രായമാണ് യുവജനക്ഷേമസഭയ്ക്കുള്ളത്. അവരെ വെളിച്ചത്തുകകൊണ്ടുവരികതന്നെ ചെയ്യണം. നാളെ അവര്‍ വെളിച്ചത്തുവരികതന്നെ ചെയ്യും. ഒരു നാടകം കളിച്ച് ഇവിടെയൊക്കെ അവതരിപ്പിച്ച് അവരെ ഉദ്ബുദ്ധരാക്കാന്‍ അറിയാഞ്ഞിട്ടല്ല. വേണ്ടെന്നു വെച്ചതാണ്.’

വീ.ടി.ഭട്ടതിരിപ്പാട്, (കേന്ദ്രകമ്മറ്റിയംഗം)

‘ഇവിടെ കെട്ടിയ ഈ മണിയടിക്കാന്‍ തന്റേടമില്ലാഞ്ഞിട്ടല്ല. അങ്ങനെയടിച്ചാല്‍ പുറത്തടിക്കാന്‍ കാത്തുനില്‍ക്കുന്ന കുറേ നായ്ക്കള്‍ ഉണ്ടെന്നും അറിയാം. വേണ്ട. ഒരു സംഘര്‍ഷമുണ്ടാക്കി ഇതൊക്കെ മാറ്റിമറിക്കാം എന്നു ഈ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കും അറിയില്ല.

കൃഷ്ണപിള്ള, പോളിറ്റ് ബ്യൂറോ അംഗം

‘ഈ കുടുമ മുറിക്കുകയും പൂണൂല്‍ കത്തിച്ചു ചാരം ചെറുമുക്ക് വൈദികന് അയച്ചുകൊടുത്ത് നന്പൂതിരി സമുദായത്തെ ഞെട്ടിക്കാനുള്ള കരുത്തില്ലാഞ്ഞിട്ടല്ല, സമുദായപ്രമാണികളായവരെ പിണക്കിയിട്ടുള്ള വിശേഷിച്ച് ഒന്നും ഈ പാര്‍ട്ടിക്ക് ഒന്നും നേടാനില്ല. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും വിശ്വസിക്കുന്ന ആചാരങ്ങള്‍ തുടരട്ടെ. പ്രക്ഷോഭത്തിന്റേതല്ല നമ്മുടെ വഴി.’

ഇ.എം.എസ്., പോളിറ്റ് ബ്യൂറോ അംഗം

‘കണ്ടോത്തെ ഈ പൊതുവഴി അധ:കൃതര്‍ക്കുകൂടി നടക്കാന്‍ അവകാശവും അധികാരവുമുള്ളതാണെന്നറിയാഞ്ഞിട്ടല്ല, ഉയര്‍ന്നജാതിയില്‍പ്പെട്ട അനേകായിരമാളുകള്‍ക്ക് അത്തരമൊരു ആചാരലംഘനം ഇഷ്ടപ്പെടില്ല. അവരുടെ വികാരംകൂടി മാനിച്ചാണ് ഞങ്ങള്‍ മടങ്ങിപ്പോകുന്നത്. അല്ലാതെ നിങ്ങളുടെ കയ്യിലെ കുറുവടി കണ്ടിട്ടല്ല.’

എ.കെ.ജി., കേന്ദ്രക്കമ്മറ്റിയംഗം.

Comments

comments