തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളില്‍ ബി.ജെ.പി. നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. സിംഗിള്‍ ബെഞ്ചാണ് അനുമതി നിഷേധിച്ചത്. അടുത്ത ഹിയറിങ് ജനുവരി 9ന് നടക്കും.
ഡിസംബര്‍ ഏഴിന് കൂച്ച്ബഹാര്‍ ജില്ലയില്‍ നിന്നാണ് അമിത് ഷാ രഥയാത്ര ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളായി സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയായിരുന്നു യാത്ര കടന്നുപോകേണ്ടിയിരുന്നത്. ഡിസംബര്‍ ഒന്‍പതിന് ഗംഗാസാഗറില്‍ അവസാനിക്കും വിധമാണ് രഥയാത്ര സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, കോടതി രഥയാത്ര തടഞ്ഞതോടെ നിലവില്‍ രഥയാത്ര നടത്താനുള്ള എല്ലാ വഴികളും അടഞ്ഞിരിക്കുകയാണ്.
അമിത് ഷാ രഥയാത്ര നടത്തിയാല്‍ അത് വര്‍ഗീയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് സ്റ്റേറ്റ് അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്ത് കാല്‍ക്കത്ത ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. അതേ തുടര്‍ന്നാണ് രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചത്. കോടതി വിധിക്കെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.