
കോണ്‍ഗ്രസിന് സുപ്രീം കോടതിയെ പോലും വിശ്വാസമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജുഡീഷ്യറിയില്‍ അവിശ്വാസം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. റഫാല്‍ ഇടപാട് കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ കോണ്‍ഗ്രസിന്റെ പുറത്തുവന്നതിന്റെ പിന്നാലെയാണ് മോദിയുടെ വിമര്‍ശനം.
എന്നാല്‍, സുപ്രീം കോടതി വിധിയെ കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മറ്റ് നിരവധി ചോദ്യങ്ങളാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. തങ്ങള്‍ക്ക് അനുകൂലമായ ഒരു സുപ്രീം കോടതി വിധി വന്നപ്പോള്‍ മോദി അതിനെ വാനോളം പുകഴ്ത്തുന്നു. സുപ്രീം കോടതിയാണ് എല്ലാറ്റിനും മുകളില്ലെന്ന് പറയുന്നു. എന്നാല്‍, ഇതേ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയാണ് ശബരിമലയില്‍ യുവതീ പ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്നപ്പോള്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ വിമര്‍ശിച്ചവരില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ബിജെപി ദേശീയ നേതാവ് അമിത് ഷായായിരുന്നു. കേരളത്തിലെത്തിയ അമിത് ഷാ സുപ്രീം കോടതിയെയും ജഡ്ജിമാരെയും താക്കീത് ചെയ്തു. ജനങ്ങള്‍ക്ക് അനുസരിക്കാനും നടപ്പിലാക്കാനും പറ്റുന്ന വിധിയായിരിക്കണം ജഡ്ജിമാര്‍ പറയേണ്ടതെന്ന് പൊതുവേദിയില്‍ പ്രസംഗിച്ച വ്യക്തിയാണ് അമിത് ഷാ. കേരളത്തിലെ ബിജെപി നേതാക്കളും സമാന വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ്. സുപ്രീം കോടതി വിധിക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയ ബിജെപി നേതാക്കള്‍ പൊലീസിനെ നീതിന്യായ നിര്‍വഹണത്തില്‍ തടസപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ഇന്ന് ബിജെപിക്കും പ്രധാനമന്ത്രിക്കും ആശ്വാസമായി ഒരു സുപ്രീം കോടതി വിധി വന്നപ്പോള്‍ മുന്‍പ് സുപ്രീം കോടതി വിധികള്‍ക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയ ബിജെപി നേതാക്കളെ മോദി മറന്നിരിക്കുന്നു. മോദിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.