Breaking News

സെക്രട്ടറിയേറ്റ് പടിക്കലെ നിരാഹാര സമരം കീറാമുട്ടിയായി; തലപുകഞ്ഞ് ബിജെപി


ശബരിമല വിഷയം മുന്‍നിര്‍ത്തി സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ച നിരാഹാര സമരം ബിജെപിക്ക് കീറാമുട്ടിയായി. രാഷ്ട്രീയ ലാഭം കൊയ്യാമെന്ന് വിചാരിച്ചാണ് സമരം തുടങ്ങിയതെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ അത്ര സുഖമല്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരംഭിച്ച നിരാഹാര സമരം ഇപ്പോള്‍ മൂന്നാമത്തെ നേതാവാണ് ഏറ്റെടുത്തിരിക്കുന്നത്. രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയപ്പോള്‍ സമരം സി.കെ പത്മനാഭന്‍ ഏറ്റെടുത്തു. പത്മനാഭനും ആയുധം വച്ച് കീഴടങ്ങി. ദാ, ഇപ്പോള്‍ സമരം നയിക്കുന്നത് ശോഭാ സുരേന്ദ്രനാണ്. സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പരിഹാസമാണ് സമരത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. നിരാഹാര റിലേ സമരം എന്ന വിശേഷണവും ട്രോളന്‍മാര്‍ സമരത്തിന് നല്‍കി. നിരാഹാര സമരമെങ്ങാനും പെട്ടന്ന് അവസാനിപ്പിച്ചാല്‍ അത് കൂടുതല്‍ പരിഹാസത്തിലേക്ക് കടക്കുമെന്ന തോന്നലുള്ളതുകൊണ്ടാണ് സമരമിങ്ങനെ നേതാക്കളെ മാറ്റി മാറ്റി പരീക്ഷിച്ച് നീട്ടികൊണ്ടുപോകുന്നത്.


ഡിസംബര്‍ മൂന്നിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് നിരാഹാര സമരം ആരംഭിച്ചത്. സമരം എട്ടാം ദിവസത്തിലേക്ക് എത്തിയപ്പോള്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു നീക്കി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡിസംബര്‍ 10 നാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.


രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തതോടെ സമരം സി.കെ പത്മനാഭന്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, സി.കെ പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നാണ് സമരം ശോഭാ സുരേന്ദ്രന്‍ ഏറ്റെടുത്തത്.

സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരത്തിന് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നതെന്ന സുരേന്ദ്രന്‍ വിഭാഗത്തിന്റെ ആക്ഷേപം യോഗത്തിലുയര്‍ന്നു. നിരാഹാര സമരത്തിന് സമാന്തരമായി പല സമര പരിപാടികളും തീരുമാനിച്ചിരുന്നുവെങ്കിലും പലതും നടന്നില്ല. മന്ത്രിമാരെ തടയുമെന്ന പ്രഖ്യാപനം പോലും പല സ്ഥലത്തും പേരിന് മാത്രമാണ് നടന്നത്. കെ.സുരേന്ദ്രനെ നിയമ വിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനുള്ള നീക്കത്തിന് പാര്‍ട്ടിയില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു.

സെക്രട്ടറിയേറ്റ് നടയിലെ സമരം എങ്ങനെ തുടരുമെന്ന കാര്യത്തില്‍ തീരുമാനമാകാതെ ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം പിരിഞ്ഞു. സമരത്തിന് തീവ്രത പോരെന്ന പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനങ്ങള്‍ക്കിടെയായിരുന്നു യോഗം ചേര്‍ന്നത്. സമരം സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് യോഗത്തിലുണ്ടായത്. 

ശബരിമല യുവതീ പ്രവേശന വിധിയെ തുടര്‍ന്നുള്ള റിവ്യൂ ഹര്‍ജികള്‍ ജനുവരി 22 നാണ് പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെ നിരാഹാര സമരം തുടരാനാണ് ബിജെപിയുടെ തീരുമാനം.

ഡിസംബര്‍ മൂന്നിന് ആരംഭിച്ച നിരാഹാര സമരം സെക്രട്ടറിയേറ്റ് പടിക്കല്‍ ഇപ്പോഴും തുടരുകയാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ആരംഭിച്ച സമരം പിന്നീട് സി.കെ പത്മനാഭനും ശോഭാ സുരേന്ദ്രനും ഏറ്റെടുക്കുകയായിരുന്നു. ഇന്ന് മുതലാണ് ശോഭാ സുരേന്ദ്രന്‍ സമരം ഏറ്റെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ശബരിമല വിഷയം മുന്‍നിര്‍ത്തി കേരളം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

Comments

comments