Breaking News

ജോലി നഷ്ടപ്പെട്ട ‘മികച്ച’ കണ്ടക്ടര്‍ക്ക് പ്രൈവറ്റ് ബസ് ഉടമയുടെ കൈതാങ്ങ്; ജോലി നല്‍കി

കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ വഴിയാധാരമായത് നിരവധി കുടുംബങ്ങളാണ്. ഒരു മുന്നറിയിപ്പുമില്ലാതെ ജോലി നഷ്ടമായത് നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. നാലായിരത്തോളം ജീവനക്കാരെയാണ് കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ടത്. ടിക്കറ്റ് മെഷീനുമായി അവര്‍ ബസിന്റെ പടിയിറങ്ങിയപ്പോള്‍ ‘ഇനി എന്ത്?’ എന്ന ചോദ്യം മാത്രമായിരുന്നു അവര്‍ക്ക് മുന്‍പിലുണ്ടായിരുന്നത്.

ജോലി നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ആലപ്പുഴയിലെ ഏറ്റവും മികച്ച കെഎസ്ആര്‍ടിസി ജീവനക്കാരിക്കുള്ള അവാര്‍ഡ് നേടിയ ദിനിയയും ഉണ്ടായിരുന്നു. കണ്ടക്ടറായി മികച്ച സേവനം നടത്തിയിട്ടും ദിനിയക്ക് ജോലിയില്‍ തുടരാനായില്ല. പതിനൊന്ന് വര്‍ഷമായി ദിനിയക്ക് അത്താണിയായിരുന്നു ഈ ജോലി. ഒരു സുപ്രഭാതത്തില്‍ ആ ജോലി കൂടി നഷ്ടപ്പെട്ടതോടെ ദിനിയയുടെ ജീവിതം ഇരുളിലായി. ആറുമാസം മുന്‍പാണ് ദിനിയയുടെ ഭര്‍ത്താവ് മരിച്ചത്. രണ്ടാം ക്ലാസുകാരിയായ മകളും അഞ്ച് വയസുകാരനായ മകനുമാണ് ദിനിയയെ ആശ്രയിച്ച് ജീവിക്കുന്നത്.

എന്നാല്‍, ദിനിയയുടെ കണ്ണീര്‍ തുടയ്ക്കാന്‍ മധ്യ – വടക്കന്‍ കേരളത്തിലെ പ്രമുഖ പ്രൈവറ്റ് ബസ് ഓപ്പറേറ്ററായ സന ട്രാന്‍സ്‌പോര്‍ട്ട്‌സ് രംഗത്തെത്തിയിരിക്കുകയാണ്. “പ്രിയ സഹോദരി ദിനിയ, താങ്കൾ നല്ല ഒരു കണ്ടക്ടർ ആയിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളും മനുഷ്യരാണ്, വേദനിക്കുന്നവരുടെ മുന്നിൽ ഞങ്ങളുടെ ശിരസ്സും കുനിയും. പ്രിയ സോദരി, നിങ്ങൾക്ക് മറ്റു ജോലികൾ ഒന്നും ശരിയായില്ലെങ്കിൽ, ഞങ്ങൾ ഒരു ജീവിത സാഹചര്യം ഒരുക്കാൻ തയ്യാറാണ്. സന ട്രാൻസ്പോർട്ടിന്റെ ബസ്സുകളിൽ മാന്യമായ രീതിയിൽ ജോലി ചെയ്ത് കുടുംബം പോറ്റാൻ ഒരു അവസരം സന മാനേജ്മെന്റ് വാഗ്ദാനം ചെയ്യുന്നു.” – സന ട്രാന്‍സ്‌പോര്‍ട്ട്‌സ് അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-

ബസ് കേരളയുടെ അഡ്മിൻ പാനൽ അംഗങ്ങളും എല്ലാ കാലത്തും ബസ് കേരളക്ക് ഒപ്പം നിന്നിട്ടുള്ള സന ബസ് മാനേജ്മെന്റും ഒത്തു ചേർന്നപ്പോൾ പല കാര്യങ്ങളും സംസാരിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് അവിചാരിതമായി ആ വീഡിയോയെപ്പറ്റിയും സംസാരം ഉണ്ടായത്.

ആലപ്പുഴയിൽ കെഎസ് ആർ ടി സി എം പാനൽ കണ്ടക്ടർ ആയി ജോലി നഷ്ടപ്പെട്ട ദിനിയ എന്ന സഹോദരിയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് റിപ്പോർട്ട് … സ്വാഭാവികമായും ചർച്ച കെ എസ് ആർ ടി സിലേക്ക് വഴിമാറി …
ടേക്ക് ഓവർ നാടകങ്ങൾ വഴി ഒട്ടേറെ പെർമിറ്റുകൾ നഷ്ടമായതിന്റേയും ,പല ജീവനക്കാരും ഓട്ടോക്കാരും കൂലി പണിക്കാരും ആയതിന്റേയും കഥകൾ …. ഇപ്പോഴും സ്വകാര്യ ബസുകൾ നിർത്തിക്കാനായി മാത്രം ആക്രമണം നടത്തിക്കൊണ്ടേയിരിക്കുന്ന ചില കെ എസ് ആർ ടി സി ജീവനകാരുടെ കഥകൾ … അതിനിടക്ക് കടന്നു വന്ന ചിന്തകൾ ആയിരുന്നു അവരേപ്പോലെ നമ്മളും ആകാമോ എന്ന് ??

ആ ചിന്തകൾ അവസാനം എത്തിയത് ഇങ്ങനെയാണ്.

“കെ എസ് ആർ ടി സി യുടെ പല നയങ്ങളും സ്വകാര്യ ബസ് മേഖലയെ തകർക്കാൻ വേണ്ടി മാത്രമായിരുന്നു , അവയിൽ പ്രമുഖ തൊഴിലാളി യൂനിയൻ മഹത്തായ പങ്കും വഹിച്ചിട്ടുണ്ട് . അവർക്ക് അർഹിച്ചതാണ് ഈ കിട്ടിയത് എന്നും ഞങ്ങൾക്കറിയാം .

പക്ഷേ പ്രിയ സഹോദരി ദിനിയ …
താങ്കൾ നല്ല ഒരു കണ്ടക്ടർ ആയിരുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു .
ഞങ്ങളും മനുഷ്യരാണ് ,വേദനിക്കുന്നവരുടെ മുന്നിൽ ഞങ്ങളുടെ ശിരസ്സും കുനിയും .

പ്രിയ സോദരി , നിങ്ങൾക്ക് മറ്റു ജോലികൾ ഒന്നും ശരിയായില്ലെങ്കിൽ , ഞങ്ങൾ ഒരു ജീവിത സാഹചര്യം ഒരുക്കാൻ തയ്യാറാണ് .സന ട്രാൻസ്പോർട്ടിന്റെ ബസ്സുകളിൽ മാന്യമായ രീതിയിൽ ജോലി ചെയ്ത് കുടുംബം പോറ്റാൻ ഒരു അവസരം സന മാനേജ്മെന്റ് വാഗ്ദാനം ചെയ്യുന്നു . താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ ഏഷ്യാനെറ്റിന്റെ റിപ്പോർട്ടിൽ കണ്ടതിന്റെ കാരണം ഒന്നു കൊണ്ടു മാത്രമാണ് ഈ വാഗ്ദാനം .

ടേക്ക് ഓവർ നാടകം മൂലം ധാരാളം നഷ്ടം ഞങ്ങൾക്കും ഞങ്ങളെപ്പോലെ ധാരാളം സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സിനും ഉണ്ടായിട്ടുണ്ട് . സനക്ക് പാലക്കാട്‌ – കോഴിക്കോട്, വഴിക്കടവ് – തൃശൂർ, താമരശ്ശേരി – പെരിന്തൽമണ്ണ റൂട്ടുകളിൽ ഒക്കെ ആയി ഒൻപത് സൂപ്പർ ക്ലാസ്സ്‌ പെർമിറ്റുകൾ ഉണ്ടായിരുന്നു, ടേക്ക് ഓവർ എന്ന വികല നയം കൊണ്ട് ഇന്ന് പലതും ഓടുന്നില്ല. ഇതിനേക്കാൾ കഷ്ടമാണ് മറ്റു പല ബസ് സർവീസ്കളുടെയും നഷ്ടക്കണക്ക്. നഷ്ടത്തിന്റെ ആഴം അറിയണമെങ്കിൽ അത് സ്വന്തക്കാർക് വരണം… ഇപ്പോൾ എങ്കിലും ചിലർക്ക് 
അത് മനസിലാകട്ടെ എന്ന് മാത്രമേ പ്രാർത്ഥന ഉള്ളു.

ഇനിയും ഞങ്ങൾക്ക് എത്ര കാലം മുന്നോട്ടു പോകാൻ സാധിക്കും എന്നറില്ല . സർക്കാറിന്റെ അവഗണനയും, കെ എസ് ആർ ടി സി യുടെ വികല നയങ്ങളും ഞങ്ങളെ അത്രമേൽ ബാധിക്കുന്നുണ്ട് . പക്ഷേ ഒന്നുറപ്പുണ്ട് .ചിറകുകൾ അരിഞ്ഞു വീഴ്ത്തപ്പെടും വരെ ആ സഹോദിക്ക് താങ്ങായി നില്ക്കാൻ ഞങ്ങൾ ശ്രമിക്കും .”

അങ്ങനെ സന ടീം മാനേജ്മെന്റ് പ്രിയ സോദരി ദിനിയക്ക് മുമ്പിൽ തങ്ങളാൽ കഴിയുന്ന ഒരു സഹായം വാഗ്ദാനം ചെയ്ത് ഞങ്ങളുടെ ചർച്ചകൾ അവസാനിച്ചു .

ഇത് അവരിലേക്ക് ഒന്ന് എത്തിക്കുക .

നന്മയുടെ നീർച്ചാലുകൾ വറ്റാതിരിക്കട്ടെ..

സന ബസ് ഉടമകൾ ആയ യൂനുസലിക്കും അബ്ദുൽ നാസറിനും ബസ് കേരളയുടെ നന്ദി…

-ബസ് കേരള ഫേസ്ബുക് കൂട്ടായ്മ…

Comments

comments