Breaking News

മോദിക്കും രാംനാഥ് കോവിന്ദിനും മാധ്യമങ്ങള്‍ നല്‍കുന്ന കവറേജിലെ വ്യത്യാസം ഇന്ത്യയിലെ ജാതിവിവേചനം തുറന്നുകാണിക്കുന്നു: പാ രഞ്ജിത്ത്

രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാധ്യമങ്ങള്‍ നല്‍കുന്ന കവറേജിലെ വ്യത്യാസം നോക്കിയാല്‍ അറിയാം ഇന്ത്യയില്‍ ജാതിവിവേചനം എന്ന പ്രശ്‌നമെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. ഇന്ത്യാ ടുഡേ കോണ്‍ക്ലേയ്‌വ് സൗത്ത് 2018ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാംനാഥ് കോവിന്ദിന്റെ പേരിന് തൊട്ടുമുമ്പ് പലപ്പോഴും മാധ്യമങ്ങള്‍ പ്രസിഡന്റ് എന്ന സ്ഥാനപ്പേര് ചേര്‍ക്കാറില്ലെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിന് മുമ്പ് ‘പ്രധാനമന്ത്രി’ യെന്ന സ്ഥാനപ്പേര് നിര്‍ബന്ധമായും ചേര്‍ത്തിരിക്കുമെന്നുമാണ് പാ രഞ്ജിത് പറയുന്നത്.

ഇന്ത്യയിലെ രണ്ടാമത്തെ ദളിത് രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. രാഷ്ട്രപതിയുടെ ജാതിയാണോ ഇത്തരമൊരു വ്യത്യാസത്തിനു കാരണമെന്നു ചോദിച്ചപ്പോള്‍ ‘തീര്‍ച്ചയായും’ എന്നാണ് രഞ്ജിത് മറുപടി നല്‍കിയത്.

വര്‍ണ വ്യവസ്ഥ സ്ഥായിയായി നിലനിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ ഇന്ത്യയിലെ വലിയൊരു വിഭാഗം തീര്‍ച്ചയായും ബി.ജെ.പിയുടെ സ്വാധീനത്തിലാണ്. കാവിവല്‍ക്കരണത്താല്‍ സ്വാധീനിക്കപ്പെട്ടതാണ്. വലിയൊരു വിഭാഗം തളിതരാണ്.’ അദ്ദേഹം പറയുന്നു. ഇതിനു കാരണം അവര്‍ക്ക് ജാതി വ്യവസ്ഥയെ തകര്‍ക്കാന്‍ താല്‍പര്യമില്ലാത്തതാണെന്നും രഞ്ജിത് പറയുന്നു.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസീറ്റുകളില്‍ ദളിതരെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്താറില്ല. സംവരണ സീറ്റുകളില്‍ മാത്രമാണ് ദളിതര്‍ക്ക് സ്ഥാനം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എ.ഐ.എ.ഡി.എം.കെയായാലും ഡി.എം.കെയായാലും ദളിതരെ സംവരണ സീറ്റില്‍ മാത്രമാണ് മത്സരിപ്പിക്കുന്നത്.’ അദ്ദേഹം പറയുന്നു.

Comments

comments