Breaking News

ശബരിമലയെ കലാപഭൂമിയാക്കിയ മാധ്യമങ്ങള്‍; ക്രൂരത തുടര്‍ന്നു ‘മനിതി’യോടും

ശബരിമല കലാപഭൂമിയാക്കിയതില്‍ മാധ്യമങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. ശബരിമല ദര്‍ശനത്തിനായി ഏതെങ്കിലും സ്ത്രീ പത്തനംതിട്ടയില്‍ പ്രവേശിക്കും മുന്‍പ് ബ്രേക്കിംഗ് ആയി എല്ലാ മാധ്യമങ്ങളും അത് ആഘോഷിക്കാന്‍ തുടങ്ങും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസും ബിജെപിയും പ്രത്യക്ഷ സമരത്തിന് തെരുവിലിറങ്ങി അക്രമം അഴിച്ചുവിടുന്നത് കേരളത്തിലെ മാധ്യമങ്ങളുടെ പരോക്ഷമായ സഹായത്തോടെയാണ്.

ശബരിമല വിഷയം കത്തിച്ചുനിര്‍ത്തുക എന്നത് മാധ്യമങ്ങള്‍ക്കും ആവശ്യമാണ്. ചാനല്‍ റേറ്റിംഗ് വര്‍ധിപ്പിക്കാനും റീച്ച് കൂട്ടാനും ശബരിമലയേക്കാള്‍ മികച്ച വിഷയമില്ലെന്ന് എല്ലാ ചാനലുകള്‍ക്കും മനസിലായിരിക്കുന്നു. ശബരിമല ദര്‍ശനത്തിനായി ഇന്നലെ തമിഴ്‌നാട്ടില്‍ നിന്നു പുറപ്പെട്ട മനിതി സംഘത്തെ പിന്തുടര്‍ന്ന് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സ്ത്രീകളടങ്ങുന്ന സംഘത്തിന്റെ സുരക്ഷയെ കുറിച്ചോ അവര്‍ക്കുള്ള പൗര സ്വാതന്ത്ര്യത്തെ കുറിച്ചോ ഈ മാധ്യമങ്ങളൊന്നും ആലോചിക്കുന്നില്ല.

മൈക്കും ക്യാമറയും ഉണ്ടെങ്കില്‍ എങ്ങോട്ടും കയറി ചെല്ലാം എന്ന തരത്തിലുള്ള ധാര്‍ഷ്ട്യമാണ് ഇന്നലെയും ഇന്നുമായി കണ്ടത്. ഒടുവില്‍ ശബരിമല ദര്‍ശനം നടത്താതെ മനിതി സംഘം മലയിറങ്ങേണ്ടി വരുമ്പോള്‍ ‘ഞങ്ങള്‍ കൃതാര്‍ത്ഥരായി’ എന്ന നെടുവീര്‍പ്പാണ് എല്ലാ മാധ്യമങ്ങള്‍ക്കും. മനിതി സംഘമോ മറ്റ് ഏതെങ്കിലും യുവതികളോ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടാല്‍ അത് ബ്രേക്കിംഗ് ന്യൂസ് ആകുന്നതിന്റെ ലോജിക്ക് എന്താണ്?

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നടത്താം എന്ന പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് പ്രകാരം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കുമുള്ള സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിയോ വ്യക്തികളടങ്ങുന്ന കൂട്ടമോ ശബരിമല ദര്‍ശനം നടത്താന്‍ എത്തിയാല്‍ അതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് വ്യക്തമാണ്. എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ ഈ കാര്യത്തെ എന്തോ വലിയ സംഭവമായി അവതരിപ്പിച്ച് ജനപ്രീതി സ്വന്തമാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. മനിതി സംഘത്തിന്റെ വരവ് ഇത്രമേല്‍ ചര്‍ച്ചയായതും അവരെ തടയാന്‍ അക്രമികള്‍ റോഡുകള്‍ തോറും തമ്പടിച്ച് നിന്നതും മാധ്യമങ്ങള്‍ ആ വാര്‍ത്തക്ക് നല്‍കിയ അമിത പ്രാധാന്യം മൂലമാണെന്ന് വ്യക്തമാണ്.

എന്തോ പാപം ശബരിമലയില്‍ നടക്കാന്‍ പോകുന്നു എന്ന വിധമാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഈ വാര്‍ത്തയെ അവതരിപ്പിച്ചത്. ഇത് നാട്ടില്‍ വലിയ തോതിലുള്ള ധ്രുവീകരണത്തിന് കാരണമായിട്ടുണ്ട്. നേരിനും നീതിക്കും വേണ്ടി പോരാടേണ്ട മാധ്യമ സമൂഹത്തിന്റെ അപജയമാണ് ഇവിടെ പ്രകടമാകുന്നത്.

Comments

comments