Breaking News

‘വെടികള്‍ക്ക് എസ്‌കോട്ടോ?’ ‘നെഞ്ചത്ത് കയറ്റിയിട്ട് പോടോ പുല്ലേ’; പൊലീസിനെ വെല്ലുവിളിക്കുന്ന സംഘപരിവാര്‍

ശബരിമലയിലേക്ക് യാത്ര തിരിച്ച മനിതി സംഘത്തെ പാറക്കടവില്‍ വച്ച് തടയാന്‍ ശ്രമിക്കുന്ന പ്രതിഷേധക്കാര്‍.

ശബരിമലയിലേക്ക് യാത്ര തിരിച്ച മനിതി സംഘത്തെ കഴിഞ്ഞ ദിവസം പാറക്കടവില്‍ വച്ച് തടയാന്‍ ശ്രമിച്ച പ്രതിഷേധക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അങ്ങേയറ്റം മോശമായ രീതിയിലാണ് പ്രതിഷേധക്കാര്‍ പൊലീസിനോടും മറ്റ് അയ്യപ്പഭക്തരോടും പെരുമാറിയത്.

പാറക്കടവില്‍ വച്ച് മനിതി സംഘത്തിന്റെ വാഹനം തടയാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു. മനിതി സംഘത്തിന്റെ ട്രാവലറിന് മുന്നില്‍ കയറി നിന്ന് ഏതാനും പേര്‍ പ്രതിഷേധിച്ചു. എന്നാല്‍, പൊലീസ് അവരെ ബലം പ്രയോഗിച്ച് നീക്കി. അതിനുശേഷമാണ് മനിതി സംഘത്തിന്റെ വാഹനം പാറക്കടവ് കടന്നുപോയത്.

എന്നാല്‍, മനിതി സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്നില്‍ വന്ന അയ്യപ്പ ഭക്തരുടെ വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു. വാഹനത്തിനുള്ളിലുണ്ടായിരുന്ന അയ്യപ്പ ഭക്തരോട് പ്രതിഷേധക്കാര്‍ കോപിക്കുകയും മാല കാണിച്ചുതരാന്‍ ആജ്ഞാപിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ശേഷം, വന്ന പൊലീസ് വാഹനത്തിന് മുന്നിലും പ്രതിഷേധക്കാര്‍ പ്രതിഷേധിച്ചു. ഡ്യൂട്ടിയാണെന്ന് പറഞ്ഞ പൊലീസുകാരോട് ‘എന്തോന്ന് ഡ്യൂട്ടി’യെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. മുന്നോട്ട് പോകണമെങ്കില്‍ തങ്ങളുടെ നെഞ്ചത്ത് കൂടെ പോകണമെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു. ഒടുവില്‍ സഹികെട്ട് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശുകയായിരുന്നു.

പൊലീസിനെ വെല്ലുവിളിച്ചായിരുന്നു പ്രതിഷേധക്കാരുടെ പ്രകടനം. മനിതി സംഘത്തെ വെടികളെന്നും ഇവര്‍ അഭിസംബോധന ചെയ്യുന്നത് വീഡിയോയില്‍ കേള്‍ക്കാം.

Comments

comments