
മനിതി കൂട്ടായ്മയില്‍ നിന്നല്ലാതെ വിശ്വാസികളായ ഭക്ത സ്ത്രീകളെ ഏല്‍പ്പിച്ചാല്‍ അവര്‍ക്ക് ശബരിമല ദര്‍ശനം സാധ്യമാക്കി കൊടുക്കാന്‍ സര്‍ക്കാരിന് സാധിക്കുമോ? ചോദ്യവുമായി മനിതി കോര്‍ഡിനേറ്റര്‍ സെല്‍വി.
കഴിഞ്ഞ ദിവസം ദര്‍ശനത്തിന് വന്ന എല്ലാവരും വിശ്വാസികളല്ലായിരുന്നു. നാലു വിശ്വാസികളായ സ്ത്രീകള്‍ക്ക് സഹായം നല്‍കാനാണ് മനിതി സംഘാംഗങ്ങള്‍ കൂടെപ്പോയതെന്ന് സെല്‍വി പറഞ്ഞു.
കേരളത്തില്‍ വീണ്ടുമെത്തി മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. അത് പെട്ടെന്നാവണമെന്നില്ല. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ശാന്തമായിട്ട് മതിയെന്നും സെല്‍വി പറഞ്ഞു.
മൂന്നു കാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്. ഒന്നാമതായി ആദ്യം മുഖ്യമന്ത്രിയെയാണ് തങ്ങള്‍ ബന്ധപ്പെട്ടത്. പിന്നീടദ്ദേഹം ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി. പക്ഷെ സുരക്ഷ നല്കാന് പൊലീസ് തയ്യാറായില്ല.
രണ്ടാമതായി ഞങ്ങള്‍ മാവോയിസ്റ്റുകളാണെന്ന തരത്തില്‍ കേരളത്തില്‍ പ്രചരണം നടക്കുന്നുണ്ട്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതിനായി വാര്‍ത്താ സമ്മേളനം വിളിക്കും. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മനിതിയെന്ന് കേരളത്തെ ബോധ്യപ്പെടുത്തും. മൂന്നാമതായി അയ്യപ്പ വിശ്വാസികള്‍ക്ക് സഹായം ചെയ്യാനായാണ് മനിതികള്‍ ശബരിമലയില്‍ കൂടെ പോയത് എന്നുള്ളതാണ്.
മനിതികള്‍ തന്നെ കൂടെ പോകണമെന്ന് ഞങ്ങള്‍ക്ക് വാശിയില്ല. പക്ഷെ യുവതികള്‍ക്ക് ശബരിമല സന്ദര്‍ശിക്കാനുള്ള അവകാശം നിറവേറ്റി തരാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സെല്‍വി പറഞ്ഞു.