Breaking News

സെന്‍കുമാറിനെതിരെ പിണറായി അന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? (വീഡിയോ)

ഇപ്പോള്‍ വിവരം വെച്ചത് കൊണ്ടാണ് ആര്‍.എസ്.എസിന്റെ കൂടെ പോയതെന്ന മുന്‍ ഡി.ജി.പിയും ശബരിമല കര്‍മ്മസമിതി അംഗവുമായ ടി.പി സെന്‍കുമാറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിനെതിരെ മുമ്പ് നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണം വീണ്ടും ചര്‍ച്ചയാകുന്നു. സെന്‍കുമാര്‍ ഇപ്പോള്‍ യു.ഡി.എഫ് പാളയത്തിലല്ലെന്നും യു.ഡി.എഫ് പാളയം വിട്ട് അദ്ദേഹം ഇപ്പോള്‍ മറ്റൊരു പാളയത്തിലെത്തിയിരിക്കുയാണെന്നുമുള്ള സെന്‍കുമാറിനെതിരെ ഗുരുതര ആരോപണം നടത്തിയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗമാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

ടി.പി സെന്‍കുമാറിന് പോലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നു എന്നും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു പിണറായി സെന്‍കുമാറിനെതിരെ  രംഗത്തെത്തിയത്.

‘സെന്‍കുമാര്‍ പഴയ പിടിയിലില്ല കേട്ടോ വിട്ടു പോയി. ഇപ്പോ ഇങ്ങോട്ടായി പിടുത്തം. അതോര്‍മ്മ വേണം. പഴയ നില തന്നെ സെന്‍കുമാര്‍ സ്വീകരിക്കുകയാണ് എന്ന ധാരണയില്‍ നില്‍ക്കരുത്. ആ  നില മാറി. പുതിയ താവളം സെന്‍കുമാര്‍ നോക്കുകയാണ്. അത് മറക്കണ്ട. അതിന്റെ ഭാഗമായിട്ടുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്. ഈ സംസ്ഥാനത്തിലെ ഡി.ജി.പി സ്ഥാനത്തിരിക്കുന്ന ഒരാളാണ് എന്ന നില വെച്ചല്ല അദ്ദേഹം സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. നിങ്ങളാരെങ്കിലും പറഞ്ഞാല്‍ അത് രാഷ്ട്രീയമായി പറയുന്നതാണെന്ന് കണക്കാക്കാം. അദ്ദേഹം ഒരു ഉദ്യോഗസ്ഥനാണ്. പക്ഷെ നിങ്ങളെക്കാളും കടുത്ത രാഷ്ട്രീയമാണ് അദ്ദേഹം പറയുന്നത്. അത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങളുടെ കയ്യിലല്ല ഇപ്പോള്‍ അദ്ദേഹം. മറ്റയാളുകളുടെ കയ്യിലായി അതോര്‍മ്മ വേണം’. എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചത്.

എന്നാല്‍ സഭയിലെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. പല കേസുകളും നിഷ്പക്ഷമായി തെളിയിച്ച ഉദ്യോഗസ്ഥനാണ് സെന്‍കുമാറെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Comments

comments