
ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ പാതിവഴിയില്‍ നിന്ന് തിരിച്ചയക്കുന്ന സമീപനം പൊലീസ് തുടരുമ്പോഴും സര്‍ക്കാര്‍ വനിതാ മതില് കെട്ടാന്‍ ഒരുങ്ങുകയാണെന്നത് വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമാക്കാത്ത സര്‍ക്കാര്‍ വനിതാ മതില് കെട്ടി മാത്രം എങ്ങനെ സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുമെന്നാണ് ഉയരുന്ന ചോദ്യം. എന്നാല്‍, പൊലീസ് നിലപാടിനോട് വിയോജിപ്പുണ്ടെങ്കിലും വനിതാ മതിലില്‍ പങ്കെടുക്കുക തന്നെ ചെയ്യുമെന്ന് ബിന്ദു തങ്കം കല്യാണി വ്യക്തമാക്കി. ശബരിമലയില്‍ താന്‍ ദര്‍ശനം നടത്തുമെന്നും ബിന്ദു പറയുന്നു.
ബിന്ദു തങ്കം കല്യാണിയുടെ വാക്കുകള്‍:
വനിതാ മതില് എന്ന ഒരു ചിന്ത തന്നെയുണ്ടായിവരുന്നത് ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. ഞാനടക്കമുള്ള സ്ത്രീകള്‍ കോടതി വിധിക്കു പിന്നാലെ ശബരിമലയിലെത്തുന്നു, നാമജപത്തിന് എന്ന പേരില്‍ അവിടെ പ്രതിഷേധക്കാര്‍ സംഘടിക്കുന്നു, സ്ത്രീകള്‍ക്കെതിരെ നെയ്ത്തേങ്ങവരെ എറിയാനോങ്ങുന്ന തരത്തില്‍ സംഘര്‍ഷമുണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് വനിതാ മതിലിനെക്കുറിച്ചുള്ള ആലോചന പോലുമുണ്ടാകുന്നത്. ആ അര്‍ത്ഥത്തില്‍ മതിലിന് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധമില്ല എന്നു പറയുന്നത് തെറ്റാണ്. ഒരു സുപ്രഭാതത്തില്‍ പുന്നല ശ്രീകുമാറിനേയും വെള്ളാപ്പള്ളി നടേശനെയും വിളിച്ചിരുത്തി ഒരു മതില് കെട്ടിയേക്കാം എന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയല്ലല്ലോ ഉണ്ടായത്.
എന്റെ രാഷ്ട്രീയത്തിന്റെ പുറത്ത് ഞാനിതിനെ നിരീക്ഷിക്കുന്നത് വ്യക്തമായ ഒരു ജാതിപ്രശ്നമായാണ്. വേറെയും ഒരുപാട് വിഷയങ്ങള്‍ ഇതിലുണ്ട്. പക്ഷേ, ജാതിയും കൃത്യമായ രീതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുണ്ട്. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ഒരു അന്തഃച്ഛിദ്രത്തിലേക്ക് നമ്മുടെ വ്യവസ്ഥ പോകുമ്പോള്‍, അതിനു കാരണമായി നില്ക്കുന്ന വിഷയത്തെ പ്രതിരോധിക്കാനാണ് മതില് എന്നൊരു ആശയം വരുന്നതു തന്നെ. അത് ശബരിമലയുമായി ബന്ധപ്പെട്ടാണോ അല്ലയോ എന്ന് ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ലെന്നതാണ് വാസ്തവം.
സര്‍ക്കാര്‍ നിലപാട് വേറെ, പൊലീസിന്റെ അനാസ്ഥ വേറെ
ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഇതുവരെ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ലെന്നും, പൊലീസിന്റെ നിര്‍ബന്ധം കാരണം മടങ്ങിപ്പോരേണ്ടി വരികയാണെന്നുമാണ് അടുത്തതായി ചൂണ്ടിക്കാട്ടപ്പെടുന്ന വിഷയം. ശരിയാണ്, എന്നെയും വളരെ മോശമായിത്തന്നെയാണ് പൊലീസ് ഡീല്‍ ചെയ്തിട്ടുള്ളത്. തിരിച്ചു വന്ന ശേഷവും അതിക്രമങ്ങളുടെ ഏറ്റവും രൂക്ഷമായ അവസ്ഥയിലൂടെത്തന്നെയാണ് ഞാനും എന്റെ ചെറിയ മോളുമൊക്കെ കടന്നു പോയതും. വീടിനകത്തും പുറത്തും അതിക്രമങ്ങളെ നേരിട്ടിട്ടുണ്ട്. യാത്ര ചെയ്യുമ്പോഴെല്ലാം രണ്ടു മിനുട്ടിനകത്ത് നമ്മളെ ആളുകള്‍ തിരിച്ചറിയുകയും, ഏതും നിമിഷത്തിലാണ് ആക്രമിക്കപ്പെടുക എന്നറിയാതെ ഭയപ്പെട്ടിട്ടുമുണ്ട്. പൊലീസ് തന്നെ പല ഘട്ടത്തിലും വേണ്ട സുരക്ഷയൊരുക്കാതെ നിരുത്തരവാദിത്തപരമായി കൈകാര്യം ചെയ്തിട്ടുണ്ട്.
വീണ്ടും നമ്മള് സുരക്ഷയ്ക്കായി സമീപിക്കുന്നത് പൊലീസിനെത്തന്നെയാണ്. അവര്‍ തന്നെയാണ് അത് മറ്റൊരു തരത്തില്‍ ഉറപ്പു നല്‍കേണ്ടി വരുന്നതും. പൊലീസ് സേനയില്‍ത്തന്നെ തൊണ്ണൂറ്റിയഞ്ചു ശതമാനം പേരും വിശ്വാസികളും ആചാരസംരക്ഷകരുമാണ്. അതില്‍ ആര്എസ്എസുകാരുമുണ്ടാകും. പൊലീസ് സേനയേയും സര്‍ക്കാരിനെയും ഞാന്‍ കാണുന്നത് വ്യത്യസ്ത വിങ്ങുകളായാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അതേ പാതയിലൂടെ പൊലീസിന്റെ വ്യവസ്ഥ സഞ്ചരിച്ചോളണമെന്നില്ല. ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് അവരുടേതായ രീതികളും ടൂള്സുമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയനോ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ വേറെ ഏതെങ്കിലും വ്യക്തിയോ ആയിക്കോട്ടെ, പൊലീസിന്റെ പൊതു സ്വഭാവത്തില്‍ മാറ്റം വരുന്നില്ല. സുരക്ഷയുറപ്പാക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കാനേ ആഭ്യന്തര മന്ത്രിക്ക് സാധിക്കുകയുള്ളൂ. സര്‍ക്കാരിന്റെ അധികാര വ്യവസ്ഥ പോലെയല്ല പൊലീസിന്റേത് എന്ന് തിരിച്ചറിയണം.