Breaking News

ശബരിമലയില്‍ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ മുത്തലാഖ് ബില്ലിനായി മുറവിളി കൂട്ടുന്നു; ബിജെപിയുടെ കപട രാഷ്ട്രീയം

സ്ത്രീകളുടെ അവകാശവും നീതിയും സംരക്ഷിക്കാനാണ് മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ എത്തിച്ചതെന്നാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയില്‍ പറഞ്ഞത്. മുത്തലാഖ് ബില്‍ പാസാക്കാന്‍ ബിജെപി വല്ലാത്ത തിടുക്കം കാണിക്കുന്നത് സ്ത്രീകളുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യം വച്ചാണെന്ന് ബിജെപി നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അവകാശപ്പെടുന്നു. എന്നാല്‍, ഇതേ സമത്വവും അവകാശവും സ്വാതന്ത്ര്യവും ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും ഉണ്ടെന്ന് ബിജെപി മറക്കുന്നു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താം എന്നത് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ്. തങ്ങള്‍ക്ക് അനുകൂലമായ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനം നടത്താനുള്ള എല്ലാ അവകാശവും സ്ത്രീകള്‍ക്ക് ശബരിമലയിലുണ്ട്. എന്നാല്‍, കോടതി വിധി നടപ്പിലാക്കുന്നതിനെ ശക്തമായി എതിര്‍ത്ത് സമരകോലാഹലങ്ങള്‍ നടത്തുന്നത് ബിജെപിയാണ്.

ശബരിമലയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുന്നവര്‍ മുത്തലാഖ് വിഷയം വരുമ്പോള്‍ സ്ത്രീ ശാക്തീകരണത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകാന്‍ ശ്രമം നടത്തുന്നു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുമ്പോഴാണ് മുത്തലാഖ് ബില്‍ പാസാക്കാന്‍ ബിജെപി ശ്രമം നടത്തുന്നത്. സുപ്രീം കോടതി തന്നെ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഒരു ബില്‍ കൊണ്ടുവന്ന് മുത്തലാഖ് ചൊല്ലുന്നവരെ ക്രിമിനലുകള്‍ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുകയും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കുകയും ചെയ്യുന്ന ഈ ബില്ലിനോടാണ് പ്രതിപക്ഷത്തിന് അതൃപ്തി. ന്യൂനപക്ഷങ്ങളെ വേട്ടയാടുക എന്ന ഗൂഢതന്ത്രം നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തിയുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനില്‍ക്കുമ്പോള്‍ തന്നെ ഇത്തരമൊരു ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നത് രാഷ്ട്രീയനേട്ടം മുന്നില്‍ കണ്ടുകൊണ്ടാണ്.

Comments

comments