മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ ബിജെപി പാര്‍ലമെന്റില്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന മറ്റൊരു പേരുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്‍. വടക്കന്‍ ഗുജറാത്തിലെ ഈശ്വര്‍വാദയില്‍ താമസിക്കുന്ന യശോദയ്ക്ക് നീതി വാങ്ങികൊടുത്ത ശേഷം മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാമെന്നാണ് ബിജെപിയോട് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.
നിരാലംബരായ സ്ത്രീകള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ മുത്തലാഖ് ബില്‍ കൊണ്ടുവരുന്നതെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ യശോദ ബെന്നിനെ കൂടി ബിജെപി സ്മരിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി മുത്തലാഖ് ബില്ലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലേക്ക് കടന്നുവരുമ്പോള്‍ അതേ സ്വാതന്ത്ര്യവും അവകാശവും നഷ്ടപ്പെട്ട യശോദ ബെന്‍ മറ്റൊരു ഭാഗത്തുണ്ട്.
ഏതാനും നാളുകള്‍ക്ക് മുന്‍പ് ‘ജസ്റ്റിസ് ഫോര്‍ യശോദ ബെന്‍’ ക്യാംപെയിന് തുടക്കം കുറിച്ച സോഷ്യല്‍ മീഡിയ മുത്തലാഖ് വിഷയം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ അതേ ആവശ്യവുമായി രംഗത്തെത്തുന്നുണ്ട്. മുസ്ലീം സ്ത്രീകളെ മൊഴി ചൊല്ലി ഉപേക്ഷിക്കുന്ന ഭര്ത്താക്കന്മാര്ക്ക് നല്കുന്ന അതേ ശിക്ഷ എല്ലാവര്ക്കും നല്കാന് തുടങ്ങിയാല്‍ പ്രധാനമന്ത്രി അടക്കം കുരുക്കിലാകുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.
‘തന്നെ കൂടെ കൊണ്ടുപോകാന്‍ തയ്യാറാണെങ്കില്‍ മോദിക്കൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ട്’ എന്ന് ഏതാനും നാളുകള്‍ക്ക് മുന്‍പ് യശോദ ബെന്‍ പറഞ്ഞിരുന്നു. എന്നാല്‍, യശോദ ബെന്നിന്റെ ഭര്‍ത്താവായ നരേന്ദ്ര മോദി ഇതിനോട് പ്രതികരിച്ചില്ല.
വിവാഹിതനാണെന്ന വാര്‍ത്തകളോട് എക്കാലവും മൗനം പാലിച്ചിരുന്ന മോദി ഒടുവില്‍ വഡോദരയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണു ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് യശോദ ബെന്‍ എന്ന് എഴുതി ചേര്‍ത്തത്. ഗുജറാത്തിലെ മെഹ്സന്‍ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന യശോദയെ പതിനോഴാം വയസിലാണു മോദി വിവാഹം കഴിക്കുന്നത്. അന്ന് യശോദ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. വിവാഹ ശേഷം മോദി തന്നെ പാടേ അവഗണിക്കുകയായിരുന്നെന്നും മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ മൂന്ന് മാസം മാത്രമാണ് തങ്ങള്‍ ഒരുമിച്ച് കഴിഞ്ഞതെന്നും യശോദ നേരത്തെ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.