Breaking News

യുക്തിവാദി എഴുത്തുകാരനായ കെ.എസ് ഭഗവാനെതിരെ ബിജെപിയുടെ വധഭീഷണി

വാല്മീകി രാമായണത്തെ ഉദ്ധരിച്ച് ശ്രീരാമന്‍ മദ്യപാനിയാണെന്നും സീതയെ മദ്യം കുടിക്കാന്‍ പ്രേരിപ്പിച്ചെന്നും പുസ്തകത്തില്‍ എഴുതിയ കന്നഡ സാഹിത്യകാരനും യുക്തിവാദി നേതാവുമായ പ്രഫ. കെ.എസ് ഭഗവാനെതിരെ തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധം.

പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ഇന്നലെ മൈസൂരിലെ ഭഗവാന്റെ വസതിക്ക് മുമ്പില്‍ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ശ്രീരാമന്റെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു പ്രതിഷേധം.

ഭീഷണിയെതുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പൊലീസും കുവെമ്പു നഗര്‍ പൊലീസുമാണ് സുരക്ഷ ഒരുക്കിയത്.

ഇന്നലെ പ്രതിഷേധത്തിനിടെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം നടത്തിയ ബി.ജെ.പി നേതാവും യുവമോര്‍ച്ചാ പ്രസിഡന്റുമായ നിഷാന്തിനേയും മറ്റുള്ളവരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി മടിക്കേരി സ്വദേശി അഡ്വ: കൃഷ്ണമൂര്‍ത്തി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും ഭഗവാനെതിരെ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ പ്രസിദ്ധീകരിച്ച രാമ മന്ദിര യെക്കെ ബേഡ (വൈ രാം മന്ദിര്‍ ആസ് നോട്ട് നീഡഡ്) എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലാണ് വിമര്‍ശനം. തീവ്ര ഹിന്ദുത്വവാദികളുടെ കടുത്ത വിമര്‍ശകനായ ഭഗവാനെതിരെ നേരത്തേയും ഭീഷണി ഉയര്‍ന്നിട്ടുണ്ട്.

Comments

comments