Breaking News

സമരം ഏറ്റെടുക്കാന്‍ പ്രധാന നേതാക്കളെത്തുന്നില്ല; ബിജെപിയില്‍ തമ്മിലടി രൂക്ഷം

ബിജെപിയുടെ സെക്രട്ടറിയേറ്റ് പടിക്കലെ സമരം 28 ദിവസങ്ങള്‍ പിന്നിടുന്നു. ഇപ്പോഴും സമരം എപ്പോള്‍ അവസാനിപ്പിക്കണമെന്നതിനെ കുറിച്ച് വ്യക്തതയില്ല. സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. എന്നാല്‍, നിരാഹാര സമരം അവസാനിപ്പിച്ചാല്‍ അത് പാര്‍ട്ടിക്ക് തന്നെ വിനയാകുമെന്നാണ് വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരാഹാര സമരത്തിന് വലിയ പരിഹാസമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുക കൂടി ചെയ്താല്‍ അത് വലിയ നാണക്കേടാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

മാത്രമല്ല, സമരത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ വിള്ളലുണ്ടായിരിക്കുന്നു. മുരളീധര പക്ഷം സമരത്തെ ഗൗനിക്കുന്നില്ല. ശോഭാ സുരേന്ദ്രന് ശേഷം ശിവരാജനാണ് സമരം ഏറ്റെടുത്തത്. ജനങ്ങള്‍ക്കിടയില്‍ നല്ല പരിചയമുള്ള ഒരു നേതാവിനെ സമരത്തിലേക്ക് എത്തിക്കാനായിരുന്നു ശ്രീധരന്‍പിള്ള അടക്കം കണക്കൂ കൂട്ടിയത്. എന്നാല്‍, എം.ടി രമേശും കെ. സുരേന്ദ്രനും അടക്കമുള്ള നേതാക്കള്‍ ഒഴിഞ്ഞുമാറി. പ്രധാന നേതാക്കള്‍ സമരം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ശിവരാജന്‍ സമരം ഏറ്റെടുക്കുന്നത്. എന്നാല്‍, ഇതിനെതിരെ മുരളീധര പക്ഷം തന്നെ രംഗത്തെത്തി.

ശ്രീധരന്‍പിള്ളക്കെതിരെയാണ് മുരളീധരപക്ഷത്തിന്റെ പടപ്പുറപ്പാട്. ശ്രീധരന്‍പിള്ളയെ മാറ്റി കുമ്മനത്തെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം പോലും മുരളീധരപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ശബരിമല സുവര്‍ണ്ണാവസരമായി കണ്ട് രാഷ്ട്രീയ നേട്ടം കൊയ്യാനിറങ്ങിയ ശ്രീധരന്‍പിള്ളയ്ക്കും കൂട്ടര്‍ക്കും ഇപ്പോള്‍ കൂനിന്‍മേല്‍ കുരു എന്ന അവസ്ഥയാണ്.

Comments

comments