Breaking News

വനിതാ മതില്‍ ചരിത്രമാകുമോ? ; പ്രതീക്ഷിക്കുന്നത് 30 ലക്ഷം പേരെ

വനിതാ മതിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും തുടരുമ്പോള്‍ അവസാനവട്ട ഒരുക്കങ്ങളിലാണ് സംഘാടകര്‍. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നിരത്തില്‍ മതില്‍ തീര്‍ക്കുന്നതിന് പരമാവധി സ്ത്രീകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് വനിതാ മതിലിന് നേതൃത്വം നല്‍കുന്ന സര്‍ക്കാരും സമുദായസംഘടനകളും പാര്‍ട്ടി പ്രവര്‍ത്തകരും. ജനുവരി ഒന്നിന് നാല് മണിക്കാണ് വനിതകള്‍ മതില്‍ തീര്‍ക്കുക. ഇതിന് മുന്നോടിയായി മൂന്നരയോടെ ട്രയല്‍റണ്ണും നടക്കും. 15 മിനിറ്റ് നീണ്ടു നില്‍ക്കുന്ന വനിതാ മതിലിന് ശേഷം പങ്കെടുത്തവര്‍ പ്രതിജ്ഞ ചൊല്ലും, തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ പൊതുയോഗങ്ങള്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു.

കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ 30 ലക്ഷത്തോളം സ്ത്രീകള്‍ അണിനിരക്കും എന്നാണ് സംഘാടകര്‍ പറയുന്നത്. നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഏകദേശം 176 സംഘടനകൾക്ക് പുറമെ രാഷ്ട്രീയ സാമൂഹൃ സാംസ്കാരിക രംഗത്തെ നിരവധി സംഘടനകളും അണിചേരും. എന്‍എസ്എസ് തുടക്കത്തിലേ ആലോചനാ യോഗം മുതല്‍ ഇതില്‍ പങ്കാളികളല്ല. കേരള ധീവര മഹാസഭ, വിഎസ്ഡിപി, കേരള ബ്രാഹ്മണ സഭ എന്നിവയും വനിതാ മതിലില്‍ പങ്കെടുക്കുന്നില്ല. എസ്എന്‍ഡിപി യോഗം ആറു ലക്ഷം പേരെയും കെപിഎംഎസ് അഞ്ചു ലക്ഷം പേരെയും സംഘടിപ്പിക്കുമ്പോള്‍ മറ്റു സമുദായ സംഘടനകള്‍ എല്ലാവരും ചേര്‍ന്ന് 10 ലക്ഷത്തിനു മുകളില്‍ സ്ത്രീകളെയും അണി നിരത്തും.

വനിതാ മതിലിനായി ജില്ല, നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ സംഘാടക സമിതികള്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ ഈ സംഘാടക സമിതിവഴി ഏകീകരിച്ചുള്ള പ്രവര്‍ത്തനമല്ല നടക്കുന്നതെന്ന വിവരമാണ് വിവിധ സാമുദായിക രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ നല്‍കുന്നത്. സമുദായ സംഘടനാ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും ഒറ്റതിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വീടുവീടാന്തരം കയറിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചെങ്കിലും അവസാന വട്ട പ്രചരണങ്ങളുമായി വിവിധ സംഘടനാ പ്രതിനിധികള്‍ രംഗത്തുണ്ട്. നോട്ടീസുകള്‍ വിതരണം ചെയ്തും വീടുവീടാന്തരം കയറി വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയും സമുദായ, രാഷ്ട്രീയ സംഘടനകള്‍ പ്രചരണങ്ങള്‍ തുടരുകയാണ്. വിദ്യാര്‍ഥികളടക്കം പരമാവധിയാളുകളെ മതില്‍ തീര്‍ക്കാന്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് പ്രവര്‍ത്തകര്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കുമെല്ലാം പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും പ്രവര്‍ത്തകര്‍ പറയുന്നു. നിര്‍ബന്ധിതമായി വനിതാ മതിലില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ചില സ്ത്രീകള്‍ രംഗത്ത് വന്നിട്ടുമുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ജില്ലകളില്‍ മന്ത്രിമാര്‍ പങ്കെടുക്കും

വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി ജില്ലകളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും കടകംപള്ളി സുരേന്ദ്രന്‍, ഡോ. ടി എം തോമസ് ഐസക് എന്നിവരും തിരുവനന്തപുരം ജില്ലയിലെ യോഗങ്ങളില്‍ സംബന്ധിക്കും.

മറ്റ് ജില്ലകളും പങ്കെടുക്കുന്ന മന്ത്രിമാരും ക്രമത്തില്‍

ഇ പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ- കണ്ണൂര്‍, കെ. രാജു, പി തിലോത്തമന്‍, ജി സുധാകരന്‍- ആലപ്പുഴ, എ സി മൊയ്തീന്‍, എംഎം മണി- എറണാകുളം, സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍- തൃശൂര്‍, എ കെ ബാലന്‍, കെ കൃഷ്ണന്‍കുട്ടി- പാലക്കാട്, കെ ടി ജലീല്‍- മലപ്പുറം, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍- കോഴിക്കോട്, ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ- കാസര്‍ഗോഡ്- കെ.കെ ശൈലജയാണ് മതിലിന്റെ ആദ്യത്തെ കണ്ണി.

Comments

comments