Breaking News

‘ഇത്രയും ചേർന്നു നിൽക്കാതെ…’ ഡോ. സുരേഷ് മണിമലയുടെ യൂട്യൂബ് വിഡിയോ വൈറൽ ആവുന്നു

ആർദ്രമായ ഒരു പ്രണയകവിതയുടെ സംഗീത-ദൃശ്യാവിഷകാരം സഹൃദയശ്രദ്ധ നേടുന്നു. സംഗീത ജയ എഴുതിയ ഈ പ്രണയകവിത (അടുത്തടുത്തു നിൽക്കുമ്പോൾ) ആസ്വാദകപ്രശംസ നേടിയ ഒരു സമീപകാല സൃഷ്ടിയാണ്. ഈ കവിതയ്ക്കു സംഗീതം നൽകി പാടി അവതരിപ്പിക്കുന്നത് സംഗീതസംവിധായകനും ഗാനരചയിതാവും ഗായകനുമായ ഡോ. സുരേഷ് മണിമലയാണ്. സാന്ദ്രമായ ഈ കവിതയ്ക്കും മനോഹരമായ കല്പനകൾക്കും ഏറെ ഇണങ്ങുന്ന, ഇഴചേർന്നു നിൽക്കുന്ന സംഗീതവും ഹൃദയഹാരിയായ ആലാപനവും കൊണ്ട് അദ്ദേഹം ഈ കവിതയെ ഉദാത്തമായ തലത്തിലേയ്ക്കുയർത്തുന്നു. അനുപമമായ ഒരു ശ്രാവ്യ-ദൃശ്യാനുഭവമാണ് ഈ സംഗീത വിഡിയോ.  തങ്ങളെ വർഷങ്ങളോളം പുറകോട്ടു കൊണ്ടുപോകുന്നു ഈ വിഡിയോ എന്നാണ്  അല്പം മുതിർന്ന ആസ്വാദകരുടെ പക്ഷം.

നായകനില്ലാതെ, വിടർന്ന മിഴികളുള്ള നായികയെ മാത്രം അവതരിപ്പിച്ച്, നായികയുടെ ഹൃദ്യമായ ഭാവങ്ങളിലൂടെ മാത്രം കവിതയെ ആസ്വാദകനിലേയ്ക്കു പകർത്തുന്ന ശൈലിയിലാണ് ദൃശ്യാവിഷ്കരണം. ഗോപിക സജുവാണ് ഏറെ പ്രശംസ നേടിയ ഭാവങ്ങളൂമായി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ലോക്ക്ഡൗൺ കാലത്ത് പൂർണ്ണമായും വീട്ടിൽത്തന്നെ റെക്കോഡിംഗും ഷൂട്ടിംഗും എഡിറ്റിംഗുമെല്ലാം നിർവഹിച്ചിരിക്കുന്നു. സ്റ്റിൽക്യാമറയിലുള്ള ഛായാഗ്രഹണവും എഡിറ്റിംഗുമായി ശാരിക പണിക്കർ പ്രസാദ് ഒപ്പം നിൽക്കുന്ന ഈ ദൃശ്യകവിത സംവിധാനം ചെയ്തിരിക്കുന്നതും ഡോ. സുരേഷ് മണിമലയാണ്.

‘ഇത്രയും ചേർന്നു നിൽക്കാതെ,

നിന്നെ പ്രണയം മണത്തിട്ടു വയ്യ !

തീവ്രപ്രണയഭാവം പകരുന്ന ഈ വരികളെ സംഗീതം നവ്യമായ ഒരു കാല്പനികാനുഭവമാക്കി മാറ്റുന്നു. ‘കൺചൂണ്ടയും’ ‘ശ്വാസത്തിലെ ഉന്മാദവും’ ‘ചിരിയിലെ തേൻകണവും’ ‘പാട്ടിലെ അതിമധുരവു’മൊക്കെ കഴിഞ്ഞ്

ഇത്രയും വായ്പോടെ,യിത്രയിനിപ്പോടെ –

യിങ്ങനെ നോക്കി നിൽക്കാതെ..

ഇത്ര പ്രണയിച്ചിടാതെ,

പ്രാണനത്രയ്ക്കുരുകീട്ടു വയ്യ !

എന്ന് കവിതയും സംഗീതവും ഒരുപോലെ പകരുന്ന അനുഭവത്തെ ദൃശ്യഭംഗികളിലേയ്ക്കാവഹിക്കുന്ന ഈ വിഡിയോ കോവിഡ് കാലത്ത് ആസ്വാദ്യതയേകുന്ന ഒരു വിരുന്നാണ്. താഴെക്കൊടുക്കുന്ന ലിങ്കിൽ വിഡിയോ കാണാം:

https://www.youtube.com/watch?v=27z_KSnwj_A

Comments

comments